തൃശൂർ: താമസിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ വിസ്തീർണം 60 ചതുരശ്ര മീറ്റർ മാത്രമെങ്കിൽ പുതുക്കിയ കെട്ടിട നികുതിയിൽനിന്ന് ഇളവ് നൽകാൻ തീരുമാനം. പുതുക്കിയ കെട്ടിടനികുതി നിർദേശങ്ങൾ സംബന്ധിച്ച് ബുധനാഴ്ച ഇറങ്ങിയ ഉത്തരവിലാണ് ഇളവിനെക്കുറിച്ച് വ്യക്തമാക്കിയത്. വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മാത്രമേ ഇളവ് ഉണ്ടാകൂ. ബഹുനില കെട്ടിടസമുച്ചയങ്ങൾ, വില്ലകൾ, അപ്പാർട്മെന്റുകൾ എന്നീ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഇളവ് ഉണ്ടാകില്ല. ലൈഫ്, പുനർഗേഹം തുടങ്ങിയ ക്ഷേമപദ്ധതികളുടെ കെട്ടിടങ്ങൾക്കും ഇളവ് ഉണ്ടാകും.
ഇളവ് ലഭിക്കാൻ ഉടമ സിറ്റിസൺ പോർട്ടലിലെ ഒമ്പത് എച്ച് ഫോറത്തിൽ ഓൺലൈനായോ നേരിട്ടോ സത്യപ്രസ്താവന നൽകണം. 30 ദിവസത്തിനകം അപേക്ഷ തീർപ്പാക്കി ഉടമയെ അറിയിക്കണം. കെട്ടിടം കൈമാറ്റം ചെയ്യുമ്പോൾ ആ ഉടമസ്ഥനും സത്യപ്രസ്താവന നൽകി ഇളവ് നേടാം. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് വസ്തുനികുതി ഇല്ലെങ്കിലും സർവിസ് ചാർജ് ഈടാക്കാമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് നടപടി സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
നികുതി നിർണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറവിസ്തീർണത്തിലോ ഉപയോഗത്തിലോ ഉണ്ടായ മാറ്റം 30 ദിവസത്തിനകം രേഖാമൂലം തദ്ദേശ സെക്രട്ടറിയെ അറിയിക്കണം. അറിയിച്ചില്ലെങ്കിൽ 1000 രൂപ അല്ലെങ്കിൽ പുതുക്കിയ വസ്തുനികുതി നിർണയം മൂലമുണ്ടാകുന്ന നികുതി വർധന ഏതാണ് അധികമെങ്കിൽ അത് പിഴയായി ചുമത്താം.
ഏതെങ്കിലും കെട്ടിടം പണിയുകയോ പുതുക്കിപ്പണിയുകയോ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്താൽ 15 ദിവസത്തിനകം ഉടമ സെക്രട്ടറിക്ക് അത് സംബന്ധിച്ച് അറിയിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ 500 രൂപയിൽ കവിയാത്ത പിഴ ചുമത്താം. ഇതുവരെ അറിയിക്കാത്തവർക്ക് മേയ് 15നകം വിവരം അറിയിക്കാം. ഇവർക്ക് പിഴ ഉണ്ടാവില്ല.
നിലവിലെ നികുതി നിർണയത്തിന് അടിസ്ഥാനമാക്കിയ വിവരങ്ങളിൽനിന്ന് വ്യത്യസ്തമാണ് കെട്ടിടങ്ങളുടെ അവസ്ഥയെന്ന വിലയിരുത്തലിൽ വിവരശേഖരണത്തിനും ഉത്തരവിട്ടു. വിവരശേഖരണത്തിനും േഡറ്റ എൻട്രിക്കുമായി ഡിേപ്ലാമ (സിവിൽ), ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാതെ യോഗ്യതയുള്ളവരെ നിയോഗിക്കാം. വിവരശേഖരണത്തിനും േഡറ്റ എൻട്രിക്കുമായി കെട്ടിടനമ്പറിന് പരമാവധി 30 രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാം. 10 ശതമാനത്തിൽ കുറയാത്ത കെട്ടിടങ്ങളുടെ എണ്ണം തദ്ദേശ സെക്രട്ടറിമാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തി സോഫ്റ്റ്വെയറിൽ ചേർക്കണം.
ഏതെങ്കിലും പഞ്ചായത്തിൽ ജി.ഐ.എസ് സംവിധാനത്തിൽ കെട്ടിടവിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ സോഫ്റ്റ്വെയറിൽ നേരിട്ട് നൽകാം. നികുതിയിലെ മാറ്റവും കാരണങ്ങളും പരിശോധന നടത്തി ഉടമകളെ അറിയിക്കുകയും അവരുടെ ഭാഗം കേൾക്കുകയും വേണം. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം ഉടമക്ക് നൽകാമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.