തൃശൂർ: പെൻഷൻ ഫണ്ടിനത്തിൽ സംസ്ഥാന സർക്കാർ കോർപറേഷനുകൾക്കും നഗരസഭകൾക്കും നൽകാനുള്ളത് 690 കോടി. 2021 ഒക്ടോബർ വരെയുള്ള കണക്കാണിത്. നഗരകാര്യ ഡയറക്ടർ നഗരസഭ സെക്രട്ടറിമാർക്ക് കൈമാറിയ കുറിപ്പിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. സ്ഥിര ജീവനക്കാരുടെയും സാനിറ്റേഷൻ- കണ്ടിൻജന്റ് ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ നൽകിയതിൽ കോർപറേഷൻ- നഗരസഭകൾക്ക് കൈമാറേണ്ട തുകയാണിത്. വർഷങ്ങളായി കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് പല നഗരസഭകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. സെൻട്രൽ പെൻഷൻ ഫണ്ടിൽനിന്ന് തുക കിട്ടാത്തതിനെത്തുടർന്ന് നഗരസഭകൾ ജനറൽ പർപസ് ഫണ്ടിൽനിന്നും തനത് ഫണ്ടിൽനിന്നും എടുത്താണ് പെൻഷൻകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. പല നഗരസഭകളിലും വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ മുടങ്ങുന്നുമുണ്ട്.
തിരുവനന്തപുരം കോർപറേഷനാണ് കുടിശ്ശിക തുക കൂടുതൽ കിട്ടാനുള്ളത്- 101 കോടി രൂപ. പിന്നാലെ 91 കോടിയുമായി കൊച്ചി കോർപറേഷനുണ്ട്. തൃശൂർ കോർപറേഷനെ ഇലക്ട്രിസിറ്റി വിഭാഗമാക്കിയും കോർപറേഷനുമാക്കിയും രണ്ടാക്കി പകുത്തപ്പോൾ കിട്ടാനുള്ളത് യഥാക്രമം 91.8 കോടിയും 34 കോടിയും. കോഴിക്കോട് കോർപറേഷന് 54 കോടി ലഭിക്കാനുണ്ട്. നഗരസഭകളിൽ കോട്ടയത്തിനാണ് കൂടുതൽ കിട്ടാനുള്ളത്- 35.8 കോടി. പാലക്കാട്- 19 കോടി, കണ്ണൂർ- 15 കോടി, തിരുവല്ല- 12 കോടി, വടകര- 11.7 കോടി എന്നിങ്ങനെയാണ് കൂടുതൽ കുടിശ്ശികയുള്ള ചില നഗരസഭകൾ.
ശമ്പളത്തിൽനിന്ന് പ്രതിമാസം അടിസ്ഥാന ശമ്പളത്തിൽനിന്ന് 15 ശതമാനമാണ് സെൻട്രൽ പെൻഷൻ ഫണ്ടിൽ ഒടുക്കുന്നത്. ഇങ്ങനെ സ്വരൂപിച്ച തുക വിരമിക്കുമ്പോൾ തിരിച്ചുനൽകുന്നതിലാണ് സർക്കാർ വീഴ്ചവരുത്തുന്നത്. ഈ അവസ്ഥയിൽ വരുമാനമുള്ള നഗരസഭകൾ തനത് ഫണ്ടിൽനിന്നെടുത്ത് കൈമാറും. പൂർണമായി വിരമിക്കൽ ആനുകൂല്യം ലഭിക്കാത്ത നൂറുകണക്കിന് ജീവനക്കാരുണ്ട്. നഗരസഭയുടെ വരുമാനത്തിൽനിന്നാണ് നഗരസഭ -കോർപറേഷൻ ജീവനക്കാരുടെ ശമ്പളം നൽകുന്നത്. കഴിഞ്ഞ ആറുവർഷമായി നഗരസഭകളുടെ വരുമാനത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. നഗരസഭകളുടെ പ്രധാന വരുമാന മാർഗമായ വിനോദ നികുതിയും പരസ്യ നികുതിയും ജി.എസ്.ടി നടപ്പാക്കിയതോടെ നഷ്ടമായത് തിരിച്ചടിയായിട്ടുണ്ട്. 15ഓളം നഗരസഭകൾക്ക് ഒന്നാം തീയതി ശമ്പളംകൊടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ പറഞ്ഞു. പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ നിയമ പോരാട്ടത്തിലൂടെയാണ് പലർക്കും അവ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.