പോളണ്ടിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി

മൂവാറ്റുപുഴ: ഹോം നഴ്സിങ് സ്ഥാപനത്തിൻെറ മറവിൽ വിദേശ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതായി പരാതി. പോളണ്ടിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേരാണ് വഞ്ചിക്കപ്പെട്ടത്. ലക്ഷക്കണക്കിനു രൂപ തട്ടിയെന്നാണ് ഉദ്യോഗാർഥികൾ സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിരിക്കുന്നത്.

പോളണ്ടിലേ വിവിധ സൂപ്പർമാർക്കറ്റുകളിലും ആശുപത്രികളിലും വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. ഉദ്യോഗാർഥികളിൽ നിന്ന് ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വാങ്ങിയതായാണ് പരാതി. മൂവാറ്റുപുഴ അടൂപറമ്പിൽ ഹോം നഴ്സിങ് സ്ഥാപനം നടത്തുന്നയാളാണ് പണം വാങ്ങിയതെന്ന് ഉദ്യോഗാർഥികൾ ഡി.ജി.പിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടർക്കും നൽകിയ പരാതിയിൽ പറയുന്നു.

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് ഹോം നഴ്സിങ് സ്ഥാപനത്തിൽ എത്തിയെങ്കിലും ഇത് അടച്ച നിലയിലായിരുന്നു. പണം വാങ്ങിയ ആളുടെ വീട്ടിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന 2 പാർട്ണർമാർ പറ്റിച്ചു എന്നായിരുന്നു വിശദീകരണം. പണം തിരികെ നൽകാൻ കഴിയില്ലെന്നും അറിയിച്ചു.

ഇതേതുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ച് പണം തിരികെ വാങ്ങാനായിരുന്നു ഉപദേശം. ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ ഡി.ജി.പിക്ക് പരാതി നൽകിയത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കിടപ്പാടം പണയപ്പെടുത്തിയും വായ്പകൾ വാങ്ങിയുമൊക്കെയാണ് പലരും പണം നൽകിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.