ആലപ്പുഴ: മുൻ എം.പി ടി.ജെ. ആഞ്ചലോസിനെ സി.പി.എം പുറത്താക്കിയത്​ കള്ളറിപ്പോർട്ടിലൂടെയാണെന്ന്​ മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സി.പി.ഐ ആര്യാട്​ സംഘടിപ്പിച്ച ചടങ്ങിൽ മികച്ച പൊതുപ്രവർത്തകനുള്ള മൂന്നാമത്​ എ. ശിവരാജൻ പുരസ്കാരം ഏറ്റുവാങ്ങിയശേഷം, സി.പി.ഐ ജില്ലാ സെക്രട്ടറികൂടിയായ ആഞ്ചലോസിന്‍റെ സാന്നിധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എസ്​. സുജാതയുടെ തോൽവിയുമായി ബന്ധപ്പെട്ടായിരുന്നു നടപടി. എന്തോ അദ്ദേഹം കടപ്പുറത്തുകൂടി നടന്നു​വെന്ന്​ പറഞ്ഞാണ്​​​​ കള്ളറിപ്പോർട്ടുണ്ടാക്കിയത്​. അക്കാലത്ത്​ ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ അധ്യക്ഷനാക്കി. തന്നോട് പറയാതെയായിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചത്. ജി. സുധാകരന്‍റെ അധ്യക്ഷതയിൽ കൂടി പുറത്താക്കിയെന്ന്​ ടെലിവിഷനിൽ അടിച്ചുവന്നു. അന്നത്തെ ആ സംഭവം വളരെ ഹൃദയവേദനയുണ്ടാക്കി. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടടിയും ചതിയുമായിരുന്നു അത്​. തന്നെ ചതിച്ചയാൾ നല്ല രീതിയിലല്ല മരിച്ചത്​. അന്ന് സി.പി.എം പുറത്താക്കിയതുകൊണ്ട്​ സി.പി.ഐക്ക്​ നല്ല സെക്രട്ടറിയെ ലഭിച്ചു.

ജനപിന്തുണ നിലനിൽക്കുന്നുണ്ടോയെന്ന്​ നേതാക്കൾ​ പരിശോധിക്കണം. കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറിന്‍റെ കാലത്ത്​ വികസനം കൊടികുത്തിവാണു. ​ഏതോ ഒരു യോഗത്തിൽ പ്രതിനിധികൾ പറഞ്ഞത്​ കഴിഞ്ഞ തവണ ഭയങ്കര വികസനമാണ്​ കണ്ടത്​. ഇത്തവണ അതൊന്നും കാണുന്നി​ല്ലെന്നായിരുന്നു. പണം ഇഷ്ടംപോലെ കൊടുക്കുകയാണെന്നും അത്​ ആരുടെയും കഴിവല്ലെന്നുമായിരുന്നു ഉന്നതനായ നേതാവിന്‍റെ മറുപടി. കഴിഞ്ഞ സർക്കാറിന്‍റെ വികസന​പ്രവർത്തനങ്ങളിലൂടെയാണ്​ ഈ സർക്കാർ അധികാരത്തിൽ വന്നതെന്നാണ്​ പാർട്ടിയുടെ രേഖ. ആ രേഖയെപ്പോലെയും തള്ളിക്കളഞ്ഞ്​ പാർട്ടിവിരുദ്ധമായി സംസാരിക്കുന്നവർ എങ്ങനെ രക്ഷപ്പെടാനാണ്​. പണം കണ്ടെത്താന്‍ ധനകാര്യവകുപ്പും താനും നടത്തിയ പോരാട്ടം തനിക്കേ അറിയൂ. കിഫ്ബിയില്‍നിന്ന് മാത്രമല്ല പണം കണ്ടെത്തിയത്. ജർമന്‍ ബാങ്കുകളില്‍നിന്ന് 2500 കോടിയാണ് ഒപ്പിട്ടുവാങ്ങിയത്. ചരിത്രബോധമില്ലാത്തവർ പാര്‍ട്ടി നയിക്കരുത്​. ആരെങ്കിലും നയിച്ചോട്ടെയെന്ന്​ കരുതിയാൽ പാർട്ടിബോധമുള്ളവർ രക്തസാക്ഷികളാവും -സുധാകരൻ പറഞ്ഞു.

Tags:    
News Summary - People who have no sense of history should not lead the party says G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.