ചരിത്രബോധമില്ലാത്തവർ പാര്‍ട്ടിയെ നയിക്കരുത് -ജി. സുധാകരൻ
text_fieldsആലപ്പുഴ: മുൻ എം.പി ടി.ജെ. ആഞ്ചലോസിനെ സി.പി.എം പുറത്താക്കിയത് കള്ളറിപ്പോർട്ടിലൂടെയാണെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സി.പി.ഐ ആര്യാട് സംഘടിപ്പിച്ച ചടങ്ങിൽ മികച്ച പൊതുപ്രവർത്തകനുള്ള മൂന്നാമത് എ. ശിവരാജൻ പുരസ്കാരം ഏറ്റുവാങ്ങിയശേഷം, സി.പി.ഐ ജില്ലാ സെക്രട്ടറികൂടിയായ ആഞ്ചലോസിന്‍റെ സാന്നിധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എസ്. സുജാതയുടെ തോൽവിയുമായി ബന്ധപ്പെട്ടായിരുന്നു നടപടി. എന്തോ അദ്ദേഹം കടപ്പുറത്തുകൂടി നടന്നുവെന്ന് പറഞ്ഞാണ് കള്ളറിപ്പോർട്ടുണ്ടാക്കിയത്. അക്കാലത്ത് ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ അധ്യക്ഷനാക്കി. തന്നോട് പറയാതെയായിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചത്. ജി. സുധാകരന്‍റെ അധ്യക്ഷതയിൽ കൂടി പുറത്താക്കിയെന്ന് ടെലിവിഷനിൽ അടിച്ചുവന്നു. അന്നത്തെ ആ സംഭവം വളരെ ഹൃദയവേദനയുണ്ടാക്കി. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടടിയും ചതിയുമായിരുന്നു അത്. തന്നെ ചതിച്ചയാൾ നല്ല രീതിയിലല്ല മരിച്ചത്. അന്ന് സി.പി.എം പുറത്താക്കിയതുകൊണ്ട് സി.പി.ഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചു.
ജനപിന്തുണ നിലനിൽക്കുന്നുണ്ടോയെന്ന് നേതാക്കൾ പരിശോധിക്കണം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് വികസനം കൊടികുത്തിവാണു. ഏതോ ഒരു യോഗത്തിൽ പ്രതിനിധികൾ പറഞ്ഞത് കഴിഞ്ഞ തവണ ഭയങ്കര വികസനമാണ് കണ്ടത്. ഇത്തവണ അതൊന്നും കാണുന്നില്ലെന്നായിരുന്നു. പണം ഇഷ്ടംപോലെ കൊടുക്കുകയാണെന്നും അത് ആരുടെയും കഴിവല്ലെന്നുമായിരുന്നു ഉന്നതനായ നേതാവിന്‍റെ മറുപടി. കഴിഞ്ഞ സർക്കാറിന്‍റെ വികസനപ്രവർത്തനങ്ങളിലൂടെയാണ് ഈ സർക്കാർ അധികാരത്തിൽ വന്നതെന്നാണ് പാർട്ടിയുടെ രേഖ. ആ രേഖയെപ്പോലെയും തള്ളിക്കളഞ്ഞ് പാർട്ടിവിരുദ്ധമായി സംസാരിക്കുന്നവർ എങ്ങനെ രക്ഷപ്പെടാനാണ്. പണം കണ്ടെത്താന്‍ ധനകാര്യവകുപ്പും താനും നടത്തിയ പോരാട്ടം തനിക്കേ അറിയൂ. കിഫ്ബിയില്‍നിന്ന് മാത്രമല്ല പണം കണ്ടെത്തിയത്. ജർമന്‍ ബാങ്കുകളില്‍നിന്ന് 2500 കോടിയാണ് ഒപ്പിട്ടുവാങ്ങിയത്. ചരിത്രബോധമില്ലാത്തവർ പാര്‍ട്ടി നയിക്കരുത്. ആരെങ്കിലും നയിച്ചോട്ടെയെന്ന് കരുതിയാൽ പാർട്ടിബോധമുള്ളവർ രക്തസാക്ഷികളാവും -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.