പടന്ന: കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മുംബൈ മഹാനഗരത്തിൽ കുടുങ്ങി കാസർകോട് ജില്ലക്കാർ. ചുറ്റും രോഗബാധിതരും മരണങ്ങളും വർധിക്കുമ്പോഴും യാത്രപാസ് അനുവദിക്കപ്പെടാത്തതു മൂലമാണ് ജില്ലക്കാർക്ക് നാട്ടിലേക്ക് തിരിക്കാൻ സാധിക്കാത്തത്. പലരും ബസുകളും ടെമ്പോ ട്രാവലറുകളും ബുക്ക് ചെയ്ത് ദിവസങ്ങളായി കാത്തിരിപ്പാണ്. ഈ മാസം അഞ്ചിന് അപേക്ഷിച്ച പലരും എന്ന് യാത്രതിരിക്കാൻ പറ്റും എന്നറിയാതെ വിഷമത്തിലാണ്. അതേസമയം കണ്ണൂർ, മലപ്പുറം ജില്ലക്കാർക്ക് വലിയ തടസ്സം കൂടാതെ പാസ് അനുവദിച്ചുകിട്ടുന്നുണ്ട്.
കാസർകോട് ജില്ലക്കാർക്ക് വെറും 72 പാസ് മാത്രമാണ് അനുവദിച്ചതെന്നും എന്നാൽ, കാസർകോട് വഴി പോകുന്ന മറ്റ് ജില്ലക്കാർക്ക് ആയിരക്കണക്കിന് പാസ് അനുവദിച്ചതായി സർക്കാറിെൻറ ജാഗ്രത വെബ്സൈറ്റിൽ കാണാമെന്നും മുംബൈ പടന്ന മുസ്ലിം ജമാഅത്ത് ഹെൽപ് െഡസ്ക് ചെയർമാൻ പി.വി. സിദ്ദീഖ് പറഞ്ഞു. മുംബൈയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ഇതുവരെ അനുവദിച്ചിട്ടില്ല. നിലവിൽ ഡൽഹിയിൽനിന്ന് പുറപ്പെടുന്ന ട്രെയിനിൽ പൻവേൽ വരെ റോഡ് മാർഗം യാത്ര ചെയ്താൽ കയറാമെങ്കിലും ടിക്കറ്റ് കൺഫോം ആകാതെ ഇപ്പോൾ താമസിക്കുന്നയിടത്തുനിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
മുംബൈയിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട പലയിടങ്ങളിലും പുറത്തേക്ക് ആളെ വിടുന്നുണ്ടെങ്കിലും തിരിച്ച് ആ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല. ടിക്കറ്റ് കൺഫോം ആകാതെ താമസ സ്ഥലത്തുനിന്ന് പുറപ്പെട്ടാൽ യാത്ര തുടരാനോ തിരിച്ച് താമസസ്ഥലത്തേക്ക് വരാനോ പറ്റാത്ത അവസ്ഥ വരും.
കേരളത്തിലെ ഇതര സംസ്ഥാനക്കാരയ തൊഴിലാളികൾക്ക് നോൺ സ്റ്റോപ് ട്രെയിൻ അനുവദിച്ച് സ്വന്തം നാട്ടിൽ എത്താൻ കഴിഞ്ഞെങ്കിലും മുംബൈയിലുള്ള കേരളീയർക്ക് സ്വന്തം നാട്ടിലേക്ക് ട്രെയിൻ അനുവദിക്കപ്പെടാത്തത് നീതികേടാണെന്നും സർക്കാർ ഇടപെട്ട് മുംബൈ മലയാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ അനുവദിക്കണമെന്നും വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് ടി.കെ. അഷ്റഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.