ജനവിധി അംഗീകരിക്കുന്നു;യു.ഡി.എഫ് മുന്നേറ്റം മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്താനും സാധിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളത്തില്‍ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയാണ് യു.ഡി.എഫ് മുന്നേറ്റം നടത്തിയ മട്ടന്നൂരിലെ ഉള്‍പ്പെടെ സമീപകാലത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം.

ജനവിധി അംഗീകരിക്കുമ്പോഴും സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 7 സീറ്റില്‍ നിന്നും 14 ലാക്കി വര്‍ധിപ്പിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വോട്ടു കച്ചവടവും കള്ളവോട്ടും ഉള്‍പ്പെടെ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചിട്ടും അവരുടെ കോട്ടയില്‍ തിളക്കമാര്‍ന്ന മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും സാധിച്ചു.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ യു.ഡി.എഫിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും അപ്രാപ്യമായിരുന്നു.എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ കൂടി നേട്ടമാണിത്. എൽ.ഡി.എഫിന് നഗരസഭ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും അതിന്റെ പൊലിമയും മാറ്റും കുറയ്ക്കാന്‍ കഴിഞ്ഞത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മാർഥ പരിശ്രമങ്ങളുടെ വിജയമാണ്.

യു.ഡി.എഫിന്റെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഈ ഐക്യത്തിന്റെ സന്ദേശം സംസ്ഥാനം മുഴുവന്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിച്ചാല്‍ രാഷ്ട്രീയ എതിരാളികളെ വരാന്‍ പോകുന്ന ഓരോ തെരഞ്ഞെടുപ്പിലും നമുക്ക് നിഷ്പ്രയാസം നിലംപരിശാക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - People's verdict is accepted; K. Sudhakaran says UDF movement is a sign of changing politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.