നിലമ്പൂർ: പ്രളയാനന്തര പുനർനിർമാണ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിൽ നിർമിച്ച ചാലിയാർ നമ്പൂരിപൊട്ടിയിലെ ‘നിലമ്പൂർ പീപ്ൾസ് വില്ലേജ്’ ഗുണഭോക്താകൾക്ക് സമർപ്പിച്ചു. 12 വീടുകളും കുടിവെള്ളമുൾെപ്പടെയുള്ള അടിസ്ഥാന സൗകര്യമുള്ളതുമാണ് വില്ലേജ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമർപ്പണ ചടങ്ങ് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
ദുരന്തങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കാൻ നമ്മൾ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപെട്ട കുടുംബങ്ങളെ എങ്ങനെയൊക്കെ ജമാഅത്തെ ഇസ്ലാമിക്ക് സഹായിക്കാൻ കഴിയുമെന്ന് സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ, സന്നദ്ധസംഘടനകളുടെ കടന്നുവരവ് തടയുന്ന സാഹചര്യമാണ് സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായത്. മഹാദുരന്തങ്ങളെ ഒരു സർക്കാറിനും ഒറ്റക്ക് അഭിമുഖീകരിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ സന്നദ്ധസംഘടനകളുടെയും എൻ.ജി.ഒകളുടെയും കൈപിടിച്ച് ദുരന്തങ്ങളെ പ്രതിരോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയത്തെ അതിജീവിക്കാൻ 25 കോടി രൂപയാണ് ജമാഅത്തെ ഇസ്ലാമി സ്വരൂപിച്ചത്. അത് ഭംഗിയായി ചെലവഴിക്കുന്നതിൽ സംഘടനക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ വിഡിയോ കോൺഫറൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. ദുരിന്തത്തിൽപെട്ടവരെ സഹായിക്കാൻ മുന്നോട്ടുവന്ന പീപ്ൾസ് ഫൗണ്ടേഷൻ നാടിന് മാതൃകയാണെന്ന് അവർ പറഞ്ഞു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി. അമീർ മുഹമ്മദ് സലീം എൻജിനീയർ വിഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി.
പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അബ്ദുസ്സലാം വാണിയമ്പലം, നാസർ കീഴുപറമ്പ് എന്നിവർ പങ്കെടുത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, ഗായിക കെ.എസ്. ചിത്ര, മജീഷ്യൻ ഗോപിനാഥ് മുതുകാട്, പാണക്കാട് മുനവ്വറലി തങ്ങൾ എന്നിവർ വിഡിയോ വഴി ചടങ്ങിൽ പങ്കാളികളായി. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.