പേരാമ്പ്ര സംഘർഷം: മുഴുവൻ പേരും ക്വാറന്‍റീനിൽ പ്രവേശിക്കണമെന്ന് കലക്ടർ

കോഴിക്കോട്: പേരാമ്പ്ര മീൻമാർക്കറ്റിൽ സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ പേരും ക്വാറന്‍റീനിൽ പ്രവേശിക്കണമെന്ന് ജില്ല കലക്ടർ സാംബശിവറാവു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു മാര്‍ക്കറ്റിലെ സംഘര്‍ഷം.

രോഗവ്യാപനത്തിന്‍റെ സാഹചര്യം നിലനില്‍ക്കെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ സാംബശിവറാവു അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്‍റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മീന്‍വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മത്സ്യമാർക്കറ്റിൽ സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മത്സ്യവില്‍പനക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.