അതിരപ്പിള്ളി: പെരിങ്ങൽക്കുത്തിൽനിന്ന് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിടാത്തത് വൈദ്യുതി ഉൽപാദനം ആവശ്യമില്ലാത്തതിനാലെന്ന് പെരിങ്ങലിലെ കെ.എസ്.ഇ.ബി അധികൃതർ. രണ്ട് ജനറേറ്റർ രാത്രിയിൽ അഞ്ചുമണിക്കൂറോളം പ്രവർത്തിപ്പിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്.
അതിനാൽ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ വേണ്ടത്ര ദൃശ്യമാകാൻ ആവശ്യമായ വെള്ളം പുഴയിൽ എത്തുന്നില്ല. വൈദ്യുതി ഉൽപാദനത്തിന്റെ കാര്യത്തിൽ എവിടെയൊക്കെ ഉൽപാദനം നടത്തേണ്ടതെന്ന് തീരുമാനിക്കുന്നത് കളമശ്ശേരിയിലാണ്. അവർ നിർദേശിച്ചാൽ മാത്രമേ പെരിങ്ങലിൽനിന്ന് വൈദ്യുതോൽപാദനത്തിന്റെ ഭാഗമായി വെള്ളം തുറന്നുവിടൂവെന്ന നിലപാടിലാണവർ.
എന്നാൽ, ഇവിടെ വൈദ്യുതി ഉൽപാദനം നിർത്തുന്നത് വിനോദസഞ്ചാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ചാലക്കുടിപ്പുഴയിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് നദികളിൽ ഇത്തരം ആവശ്യങ്ങൾ ഇല്ലാത്തതിനാൽ പെരിങ്ങൽക്കുത്തിൽ വൈദ്യുതി ഉൽപാദനം നടത്തണമെന്നതാണ് ആവശ്യം. ചാലക്കുടിപ്പുഴയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് സഞ്ചാരികൾ കൂടുതൽ എത്തിച്ചേരുന്ന വാരാന്ത്യ ദിവസങ്ങളിലെങ്കിലും പുഴയിലേക്ക് വെള്ളം തുറന്നുവിടണം. വെള്ളച്ചാട്ടങ്ങളിൽ വെള്ളമില്ലാത്തതിനാൽ വിനോദസഞ്ചാരികൾ അതിരപ്പിള്ളി മേഖലയെ കൈയൊഴിഞ്ഞത് ഇതിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് പേരുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. വൈദ്യുതിയുടെ ആവശ്യം മാത്രം നോക്കി പുഴയൊഴുക്ക് നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രതികരണം. പുഴയിലെ നീരൊഴുക്കിനെ നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി.എലിന് ആരും അധികാരം കൊടുത്തിട്ടില്ലെന്നും ഇവർ വിമർശിക്കുന്നു.
ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ പെരിങ്ങൽക്കുത്തിൽ 16 മെഗാവാട്ടിന്റെ ജനറേറ്റർ അല്ലെങ്കിൽ ഒമ്പത് മെഗാവാട്ടിന്റെ രണ്ട് ജനറേറ്റർ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വൈദ്യുതി മന്ത്രി, ടൂറിസം മന്ത്രി, ബോർഡ് ചെയർമാൻ, കലക്ടർ തുടങ്ങിയവർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണിവർ. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി കൈക്കൊള്ളാനാണ് പരിസ്ഥിതി പ്രവർത്തകരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.