കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സ്ട്രോങ് റൂമിൽനിന്ന് കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. ഹൈകോടതിയിൽ സൂക്ഷിച്ച മണ്ഡലത്തിലെ ബാലറ്റ് പെട്ടിയടക്കം തെരഞ്ഞെടുപ്പ് രേഖകൾ കോടതി ഹാളിൽവെച്ച് തുറന്ന് പരിശോധിക്കാനും ജസ്റ്റിസ് എ. ബദറുദ്ദീൻ അനുമതി നൽകി. ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഉപഹരജിയിലാണ് ഉത്തരവ്.
പോസ്റ്റൽ ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽനിന്ന് മലപ്പുറം ജോ. രജിസ്ട്രാർ കാര്യാലയത്തിൽ എത്തിയത് എങ്ങനെ, ഇതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ആരെല്ലാം, ഉത്തരവാദികളാര്, പോസ്റ്റൽ ബാലറ്റടങ്ങിയ പാക്കറ്റിന് കേടുപാടുകളുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. നാലാഴ്ചക്കകം ഇതിന്‍റെ റിപ്പോർട്ട് നൽകണം. ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ടിന് ബാലറ്റ് പെട്ടിയടക്കം തുറന്ന് പരിശോധിക്കാനാണ് കക്ഷികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇടത് സ്വതന്ത്രനായിരുന്ന കെ.പി.എം. മുസ്തഫ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹരജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്നാണ് നജീബ് ഉപഹരജി നൽകിയത്.
ഹൈകോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുമ്പ് പെട്ടികൾ കഴിഞ്ഞ ദിവസം ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ കേസിലെ കക്ഷികളും തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകനും പരിശോധിച്ചിരുന്നു. എന്നാൽ, പെട്ടികൾ തുറന്ന് കാണിച്ചിരുന്നില്ല. വ്യാഴാഴ്ച ഇക്കാര്യം കക്ഷികൾ ഉന്നയിച്ചതിനെ തുടർന്നാണ് കോടതി ഹാളിൽവെച്ച് പെട്ടി തുറന്ന് പരിശോധിക്കാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.