കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈകോടതിയില്‍. സര്‍ക്കാര്‍ അപ്പീലില്‍ ഹൈകോടതി വിധി പറയാത്തതിനാല്‍ അന്വേഷണം തുടരാനാകുന്നില്ലെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. കേസ് ഏറ്റെടുത്ത് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണ ചുമതല.
കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത് 2019 സെപ്തംബര്‍ 30നാണ്. ഇതിനിടെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ ഒക്ടോബർ 26ന് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. സുപ്രിം കോടതി അഭിഭാഷകരടക്കം സർക്കാരിന് വേണ്ടി ഹാജരായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബഞ്ച് കേസ് വിധി പറയാൻ മാറ്റിയെങ്കിലും വാദം പൂർത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും സർക്കാരിന്‍റെ അപ്പീലിൽ കോടതി വിധി പറഞ്ഞിട്ടില്ല.
കേസിലെ പ്രധാന പ്രതി പീതാംബരന്‍റെ അടക്കം 7 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചത്. ഡിവിഷൻ ബെഞ്ച് വിധി പറയും വരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകർ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കേസില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.