തിരുവനന്തപുരം: ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഇന്‍റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദേശിക്കുന്ന ഐ.എസ്.പി.എസ് (ഇന്‍റർനാഷണൽ ഷിപ്പിങ് ആന്‍റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ മിനിസ്ട്രി ഓഫ് ഷിപ്പിങ് ആന്‍റ് പോർട്ടിന്‍റെ കീഴിലുള്ള മറൈൻ മർച്ചന്‍റ് ഡിപ്പാർട്ട്മെന്‍റാണ് ഈ അംഗീകാരം നൽകുന്നത്. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരള മാരിടൈം ബോർഡിന്‍റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ഐ.എസ്.പി.എസ് താൽകാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽകാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം ഇന്ന് സ്ഥിരമായി അനുവദിച്ചത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ കേരള മാരിടൈം ബോർഡ് നടത്തി വരുന്നുണ്ട്.
അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐ.എസ്.പി.എസ് അംഗീകാരം നിർബന്ധമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ തുറമുഖം യാഥാർഥ്യമാകുന്നതിന്‍റെ ഭാഗമായി കേരളത്തിന്‍റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുക എന്ന സർക്കാറിന്‍റെ നിലപാടിന്‍റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐ.എസ്.പി.എസ് അംഗീകാരം നേടാൻ കേരള മാരിടൈം ബോർഡ് ശ്രമങ്ങൾ ആരംഭിച്ചത്. പ്രവാസി യാത്രാ കപ്പൽ സർവീസിനും ഈ അംഗീകാരം വലിയ മുതൽ കൂട്ടാകും. സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.