എത്ര പേരിൽ പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തും; സംസ്ഥാനത്ത് സിറോ പ്രിവെലന്‍സ് പഠനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവെലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ തലത്തില്‍ 4 പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആര്‍. നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി. കേരളത്തിന്‍റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്‌സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവെലന്‍സ് പഠനത്തിന് ഏറെ പ്രധാന്യമുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവെലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി (IgG) ആന്‍റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവെലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും സാധിക്കുന്നു.

എന്താണ് സിറോ പ്രിവെലന്‍സ് സര്‍വെ

രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി (IgG) ആന്‍റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവെലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കോവിഡ് വന്നവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

Tags:    
News Summary - Permission for Seroprevalence Study in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT