പള്ളികളിൽ സർവേ: അനുമതി വൻ പ്രത്യാഘാതമുണ്ടാക്കും -എളമരം കരീം

പാലക്കാട്‌: കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എം.പി. ഉത്തർപ്രദേശിലെ മഥുരയിലും ഗ്യാൻവാപ്പിയിലും പള്ളികളിൽ സർവേ നടത്താൻ കോടതി അനുമതി നൽകിയത്‌ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിവറേജസ്‌ കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റ്‌ അംഗീകരിച്ച ആരാധനാലയ സംരക്ഷണ നിയമത്തിന്‌ വിരുദ്ധമാണിത്‌. ഇത്തരത്തിലുള്ള തർക്കമാണ്‌ ബാബരി മസ്‌ജിദ് തകർച്ചക്കും കലാപങ്ങൾക്കും ഇടയാക്കിയത്.

കോൺഗ്രസിന്റെ ധിക്കാരമാണ്‌ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന്‌ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക്‌ ഭരണം നേടിക്കൊടുത്തത്. മതേതര കക്ഷികളെ കൂട്ടാതെ ഒറ്റക്കാണ്‌ കോൺഗ്രസ്‌ മത്സരിച്ചത്‌. മറ്റ്‌ കക്ഷികളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

കേരളത്തിൽ കോൺഗ്രസ്‌ എൽ.ഡി.എഫിനെ തകർക്കാനാണ്‌ ശ്രമിക്കുന്നത്‌. ശബരിമലയുടെ പേരിൽ ബി.ജെ.പിക്കൊപ്പം കള്ളപ്രചാരണം നടത്തുകയാണ്. പ്രതിഷേധ ഭജനയടക്കം വ്യാജപ്രചാരണങ്ങൾക്ക് ഒരുവിഭാഗം മാധ്യമങ്ങളുടെ കൂട്ടുണ്ട്‌. വിമോചന സമരം നടത്തി എൽ.ഡി.എഫ്‌ സർക്കാറിനെ അട്ടിമറിക്കാമെന്ന്‌ കരുതേണ്ട. കേന്ദ്ര സർക്കാർ കേരളത്തെ ദ്രോഹിക്കുമ്പോൾ യു.ഡി.എഫ്‌ ബി.ജെ.പിക്കൊപ്പം നിൽക്കുകയാ​ണെന്നും കരീം പറഞ്ഞു.

Tags:    
News Summary - Permission for survey in mosques will have huge impact says Elamaram Karim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.