തൊടുപുഴ: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് കേരളത്തിന്‍റെ അനുമതി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തമിഴ്‌നാടിന്‍റെ ആവശ്യം അംഗീകരിച്ചതിന് നന്ദി പറഞ്ഞ് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബേബി ഡാമിനുതാഴെയുള്ള 15 മരങ്ങൾ മുറിച്ചുമാറ്റാൻ കേരള വനംവകുപ്പ് അനുമതി നൽകിയ വിവരം ജലവിഭവ വകുപ്പ് അറിയിച്ചതായി കത്തിൽ സൂചിപ്പിക്കുന്നു. ദീർഘകാലമായി നടപടിയില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കൻ ഡാമും ബലപ്പെടുത്തുന്നതിൽ നിർണായകമാണ്. കേരളത്തിന്‍റെ അനുമതിവഴി രണ്ട് ഡാമുകളും ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങാനാകുമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
'തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്കും തമിഴ്‌നാട് സർക്കാരിനും വേണ്ടി ഞാൻ കേരള സർക്കാരിനോട് നന്ദി പറയുന്നു. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഗുണകരമാണിത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഈ സഹകരണത്തിന്‍റെ ഊർജം ഇനിയും തുടരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു'- സ്റ്റാലിൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ പറഞ്ഞിരുന്നു. തമിഴ്നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് കേരളത്തിന്റെ അനുമതി വേണമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. അതേസമയം, സ്റ്റാലിൻ പിണറായിക്ക് എഴുതിയ കത്തിൽ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കുന്നത് സംബന്ധിച്ച് സൂചിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.