കൊച്ചി: സംസ്ഥാനത്തെ പൊതുവിപണിയിൽനിന്ന് ശേഖരിച്ച 48.8 ശതമാനം പച്ചക്കറിയിലും കീടനാശിനി സാന്നിധ്യം. പരിശോധനക്ക് വിധേയമാക്കിയ 168 സാമ്പിളുകളിൽ 82 എണ്ണത്തിലും കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചു.‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളജിലെ ലബോറട്ടറിയിൽ നടത്തിവരുന്ന കീടനാശിനി അവശിഷ്ട പരിശോധനയിലാണ് കണ്ടെത്തൽ. പദ്ധതിയുടെ 58ാമത് പരിശോധന റിപ്പോർട്ടാണ് പുറത്തുവന്നത്.
2022 ഒക്ടോബർ മുതൽ കഴിഞ്ഞ മാർച്ച് വരെ പരിശോധിച്ച 679 ഭക്ഷ്യവസ്തു സാമ്പിളുകളിൽ 242 എണ്ണത്തിലും (35.64 ശതമാനം) കീടനാശിനി സാന്നിധ്യം കണ്ടെത്തി. പൊതുവിപണി, കർഷകരുടെ കൃഷിയിടം, ഇക്കോഷോപ്പുകൾ, ജൈവം എന്ന പേരിൽ ഉൽപന്നങ്ങൾ വിൽക്കുന്ന വിപണി എന്നിവിടങ്ങളിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്.
പൊതുവിപണിയിൽനിന്നുള്ള പച്ചച്ചീര, ബജിമുളക്, കാപ്സിക്കം (മഞ്ഞ, ചുവപ്പ്), വെണ്ട, കോവക്ക, സലാഡ് വെള്ളരി, പടവലം, പയർ, ഉലുവ ഇല എന്നിവയുടെ ശേഖരിച്ച എല്ലാ സാമ്പിളിലും കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാൽ, ബീറ്റ്റൂട്ട്, പാവക്ക, കാബേജ്, കത്തിരി, മുരിങ്ങ, ഇഞ്ചി, നെല്ലിക്ക എന്നിവയിൽ സാന്നിധ്യം കണ്ടെത്താനായില്ല.
പൊതുവിപണിയിലെ 33 പഴവർഗങ്ങളിൽ 16ലും (48.48 ശതമാനം) 21 സുഗന്ധ വ്യഞ്ജനങ്ങളിൽ 18 എണ്ണത്തിലും (85.71) കീടനാശിനി അവശിഷ്ടമുണ്ട്. ആപ്പിൾ (പച്ച), മുന്തിരി (കറുപ്പും പച്ചയും-കുരു ഇല്ലാത്തത്), തണ്ണിമത്തൻ, ഏലക്ക, മല്ലിപ്പൊടി, മുളക്പൊടി, ചതച്ച മുളക്, ജീരകം, ജീരകപ്പൊടി എന്നിവയുടെ എല്ലാ സാമ്പിളിലും കീടനാശിനിയുടെ അംശം കണ്ടെത്തി. കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ച 307 പച്ചക്കറി സാമ്പിളിൽ 65ലും (21.17) 10 പഴവർഗങ്ങളിൽ മൂന്നിലും (30) 10 സുഗന്ധവ്യഞ്ജനത്തിൽ മൂന്നിലും മാത്രമാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. കൃഷി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കർഷകർ ഉൽപാദിപ്പിച്ച 78.26 ശതമാനം പച്ചക്കറിയും സുരക്ഷിതമാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. അതേസമയം, ജൈവം എന്നപേരിൽ വിൽക്കുന്ന പച്ചക്കറിയുടെ 56 സാമ്പിളിൽ 27 എണ്ണത്തിലും (48.21) കീടനാടശിനി അംശം സ്ഥിരീകരിച്ചു.
പരിശോധിച്ച 14 ഇനം ‘ജൈവ’ പഴവർഗത്തിൽ പകുതിയും സുരക്ഷിതമല്ല. പെതുവിപണി, ജൈവ പച്ചക്കറി മാർക്കറ്റുകൾ എന്നിവയെ അപേക്ഷിച്ച് കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ചവയിലെയും ഇക്കോ ഷോപ്പുകളിലെയും പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യം കുറവാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളിൽ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.