മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്‍റെ കുടുംബ പെൻഷനെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. കേരള സർവിസ് റൂൾ പ്രകാരം 10 വർഷം സർവിസ് ഉണ്ടെങ്കിലേ പെൻഷന് അർഹതയുണ്ടാകൂവെന്നിരിക്കെ മാനദണ്ഡങ്ങളില്ലാതെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് പൊതുതാൽപര്യഹരജി നൽകിയിരിക്കുന്നത്.

ഈ വിഷയത്തിൽ ഗവർണറുടെ വിമർശനത്തിന്‍റെകൂടി പശ്ചാത്തലത്തിലാണ് ഹരജി. പേഴ്സനൽ സ്റ്റാഫ് അംഗങ്ങളെ രണ്ടുവർഷം കൂടുമ്പോൾ മാറ്റുന്നത് കൂടുതൽ പാർട്ടി പ്രവർത്തകരെ പെൻഷന് അർഹരാക്കാനാണെന്ന ഗവർണറുടെ പരാമർശവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

21 മന്ത്രിമാർക്കും ചീഫ് വിപ്പിനുംകൂടി 362 പേഴ്സനൽ സ്റ്റാഫ് അംഗങ്ങളെ നേരിട്ട് നിയമിച്ചതായി ഹരജിയിൽ പറയുന്നു. ഇവർക്ക് ശമ്പളം നൽകാൻ മാസം കുറഞ്ഞത് 1.12 കോടി രൂപ വേണം. 1223 മുൻ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് നിലവിൽ പെൻഷൻ നൽകുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പേഴ്സനൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്നവർക്കുകൂടി അനുവദിക്കുന്നതോടെ ഇത് 1500 കവിയും.

3550 മുതൽ 83,400 രൂപ വരെയാണ് ഓരോരുത്തർക്കും പെൻഷൻ ഇനത്തിൽ നൽകുന്നത്. മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്ക് 25 വീതം പേഴ്സനൽ സ്റ്റാഫുകളെയും മുഖ്യമന്ത്രിക്ക് 35 പേരെയും പേഴ്സനൽ സ്റ്റാഫിൽ നിയമിക്കാനാവും. അതേസമയം, കേന്ദ്ര കാബിനറ്റ് മന്ത്രിക്ക് 15 പേഴ്സനൽ സ്റ്റാഫുകളെയാണ് അനുവദിച്ചിരിക്കുന്നത്. സഹമന്ത്രിക്ക് 13 പേരെയുമാണ് നിയമിക്കാനാവുക.

ഈ നിയമനം നേരിട്ടല്ലെന്ന് മാത്രമല്ല, സ്റ്റാഫുകൾക്ക് പെൻഷനും നൽകുന്നില്ല. തെലങ്കാനപോലുള്ള സംസ്ഥാനങ്ങളിൽ ഡെപ്യൂട്ടേഷനിലൂടെയാണ് പേഴ്സനൽ സ്റ്റാഫുകളെ നിയമിക്കുന്നത്. പശ്ചിമബംഗാളിൽ നിയമനമുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. മറ്റ് സംസ്ഥാനങ്ങളിൽ പേഴ്സനൽ സ്റ്റാഫുകളെ നേരിട്ട് നിയമിക്കുന്നില്ല.

സ്റ്റാഫുകൾക്ക് കുടുംബ പെൻഷനടക്കം നൽകുന്നത് ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി തീർപ്പാക്കുന്നതുവരെ മന്ത്രിമാരടക്കം പേഴ്സനൽ സ്റ്റാഫുകളെ നിയമിക്കുന്നത് തടയണമെന്നാണ് ഇടക്കാലാവശ്യം.

Tags:    
News Summary - Petition in the High Court against the family pension of the personal staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.