കൊച്ചി: കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോഴിക്കോട് കുടുംബ കോടതിയിൽ നൽകിയ ഹരജികളിൽ കുട്ടിക്കുവേണ്ടി കുടുംബ കോടതിയിൽ സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാൻ ഹൈകോടതി ഉത്തരവിട്ടു. കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കാണ് നിർദേശം നൽകിയത്. കേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ഹരജികൾ മൂന്നുമാസത്തിനകം കോഴിക്കോട് കുടുംബകോടതി തീർപ്പാക്കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. എട്ടര വയസ്സുള്ള കുട്ടിയെ വിട്ടുകിട്ടാൻ പിതാവ് ഹരജി നൽകിയെങ്കിലും പിന്നീട് ഇതിൽ നടപടികൾക്ക് മുതിർന്നില്ല. എന്നാൽ, കുട്ടിയെ വിട്ടുകിട്ടാൻ മതാവ് ഇതിൽ ഉപഹരജി നൽകി. തുടർന്നു വാദം കേട്ട കുടുംബ കോടതി, കുട്ടിയെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു.
ഹരജിയിൽ തുടർ നടപടിക്ക് മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാൻ കുടുംബകോടതിക്ക് കഴിയുമോയെന്ന വിഷയമാണ് ഹൈകോടതി പരിഗണിച്ചത്. അമ്മയുടെ മാതാപിതാക്കൾക്കെതിരെ പോക്സോ കേസുള്ളതും ഡിവിഷൻ ബെഞ്ചിൽ ചർച്ചയായി. തുടർന്നാണ് ഈ വിഷയത്തിൽ കുട്ടിയുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ അഭിഭാഷകനെ വെക്കുന്നത് ഉചിതമാണെന്ന അഭിപ്രായം ഉയർന്നത്. കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റിയുടെ ഭാഗമായ വിക്ടിം റൈറ്റ്സ് സെന്ററിലെ പ്രോജക്ട് കോഓഡിനേറ്ററായ അഡ്വ. പാർവതി മേനോനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. പലപ്പോഴും ഇത്തരം തർക്കങ്ങളിൽ കുട്ടി ആർക്കൊപ്പമാണോ നിൽക്കുന്നത് അവരുടെ അഭിഭാഷകനാവും കുട്ടിയുടെ കാര്യങ്ങൾ കോടതിയിൽ പറയുന്നത്. ഇതു കുട്ടിയുടെ താൽപര്യം സംരക്ഷിക്കുന്നതാവണമെന്നില്ലെന്നും പാർവതി മേനോൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.