തൊടുപുഴ: പെട്ടിമുടി ദുരന്തത്തിൽപെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകർക്കൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പൊലീസ് നായ് ഡോണക്ക് സംസ്ഥാന ബഹുമതി.
ഇടുക്കി പൊലീസിെൻറ ഡോഗ് സ്ക്വാഡിലെ ഡോണ വാര്‍ത്തമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന സേവനക്ഷമത പരീക്ഷയില്‍ ഡോണക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്.
ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തിൽപെടുന്നതാണ് ഡോണ. ഇടുക്കി ഡോഗ്സ്ക്വാഡിലെ തന്നെ ഡോളി എന്ന നായും പരിശീലനം പൂര്‍ത്തിയാക്കി. ഡോളി ബീഗിള്‍ ഇനത്തിൽപെട്ടതാണ്.
ഇവള് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ (സ്നിഫര്‍) അതിവിദഗ്ധയാണ്. ബീഗിള്‍ ഇനത്തിൽപെട്ട നായെ കേരളത്തില്‍ ആദ്യമായാണ് പൊലീസില്‍ പരിശീലനം നല്കി സേവനത്തില്‍ നിയോഗിച്ചിരിക്കുന്നത്. ഇടുക്കി സ്ക്വാഡില്‍ ഇവരെക്കൂടാതെ ജെനി, എസ്തര്(കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍ -ട്രാക്കര്‍), ചന്തു (സ്നിഫര്‍), നീലി, ലെയ്ക(മയക്കുമരുന്ന് കണ്ടെത്തല്‍) എന്നിവരാണ് മറ്റംഗങ്ങള്‍.
ഡോണക്കു പരിശീലനം നല്കിയ ഡോഗ് സ്ക്വാഡ് ടീമംഗങ്ങളെ ജില്ല പൊലീസ് മേധാവി ആര്. കറുപ്പസാമി അഭിനന്ദിച്ചു. ലെയ്ക്കക്കും നീലിക്കും അവരവരുടെ വിഭാഗങ്ങളില്‍ മുമ്പ് ദേശീയ, സംസ്ഥാന ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
സബ് ഇന്‍സ്പെക്ടര്‍ റോയ് തോമസിെൻറ നേതൃത്വത്തില്‍ സുനില്‍ കുമാര്‍, പി.സി. സാബു, അജിത് മാധവന്, പി.ആർ. രാജീവ്, രതീഷ്, സജി ജോണ്‍, രഞ്ജിത് മോഹന്‍, ജെറി ജോര്‍ജ്, ഡയസ് ടി. ജോസ്, ടി. എബിന്, ടി ആര്. അനീഷ്, പ്രദീപ്, ജുബിന്‍ വി. ജോസ്, ആര്. ബിനു എന്നിവരുള്‍പ്പെട്ട സംഘമാണ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഏറെ ശ്രദ്ധേയനായ വളര്‍ത്തുനായ് കുവിയും ഇവരോടൊപ്പം ഇടുക്കി ഡോഗ് സ്ക്വാഡില്‍ പരിശീലനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.