മൂന്നാര്‍: ഉരുൾ വീണ ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെട്ടവരെ മാറ്റിപ്പാർപ്പിച്ചത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍. ഇതിലും ഭേദം പെട്ടിമുടിയിൽ മരിക്കുന്നതായിരുന്നു എന്ന് ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചവർ പറയുന്നു. കണ്മുന്നില് അയൽക്കാരെ ഉരുളെടുക്കുന്നത് കണ്ടുനിന്നതടക്കം വേദന മാറും മുമ്പെയാണ് മറ്റൊരു ദുരന്തത്തിന് ഇടയാക്കിയേക്കാവുന്ന സുരക്ഷിതമല്ലാത്തിടത്തേക്ക് മാറാൻ ആവശ്യപ്പെട്ടത്.
തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാരടക്കം പറയുമ്പോഴും ഒരു പരിഗണനയും ഇവർക്ക് ലഭിച്ചില്ല. പശുത്തൊഴുത്തിനേക്കാള്‍ മോശമാണ് പല കെട്ടിടങ്ങളും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലെ ജനാലകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടാണ് മറച്ചിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താറായ കെട്ടിടത്തില്‍ അപകടം മുന്നിൽകണ്ടാണ് ഇവർ താമസിക്കുന്നത്.
ഒറ്റമുറി വീട്ടിനുള്ളില്‍ മൂന്ന് കുടുംബങ്ങളിലെ 12 പേർ താമസിക്കുന്നുണ്ട്. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടാണ് പെട്ടിമുടിയില്‍ താമസിച്ചിരുന്ന ഷണ്മുഖയ്യ, ഭാര്യ മഹാലക്ഷ്മി, മക്കളായ മഹാരാജ, ലാവണ്യ എന്നിവരും മറ്റൊരു കുടുംബത്തിലെ അംഗങ്ങളായ വിജയകുമാര്‍, ഭാര്യ രാമലക്ഷ്മി, മക്കളായ മിഥുന് കുമാര്‍, രഞ്ജിത് കുമാര്‍ എന്നിവരും കന്നിമല ടോപ് ഡിവിഷനിലെ ബന്ധുവായ മുനിയസ്വാമിയുടെ വീട്ടിലെത്തിയത്.
ഇയാളുടെ ഭാര്യയും മൂന്നുമക്കളും ഇവിടെ തന്നെയാണ് താമസം. കണ്ണൻദേവൻ കമ്പനിയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് താമസയോഗ്യമല്ലാത്ത ലയങ്ങള്‍ അനുവദിച്ചത്. ചിലർ കമ്പനി നൽകിയ വീട് വേണ്ടെന്ന്വെച്ച് ബന്ധുവീടുകളിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.