തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ 'ഇര'യായി ഫിലോമിന. നിക്ഷേപിച്ച് പണം തിരിച്ച് കിട്ടാൻ നടന്ന് ഫലമില്ലാതെ ചികിത്സയിലിരിക്കെ മരിച്ച ഫിലോമിന തട്ടിപ്പിന് നൂറുകണക്കിന് ഇരകളുടെ പ്രതീകമാണ്.
70കാരിയായ ഫിലോമിന ഒരു മാസമായി അസുഖങ്ങൾ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 28 ലക്ഷം രൂപയാണ് ഫിലോമിന നിക്ഷേപിച്ചത്. സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചപ്പോൾ കിട്ടിയ ആനുകൂല്യങ്ങളും മറ്റും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പലതവണ പോയിട്ടും ഫലമുണ്ടായില്ല.
ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കരുവന്നൂർ ബാങ്കിന് മുന്നിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് ഭർത്താവ് ദേവസി ഉൾപ്പെടെയുള്ളവരും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട ആർ.ഡി.ഒ സ്ഥലത്തെത്തി മരണാനന്തര ചടങ്ങിന് പണം നൽകാമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്ന് ഒരു വർഷം കഴിഞ്ഞു. 11,000ഓളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപം ഇടത് ഭരണ സമിതിയിലെ ചിലരും ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല.
മന്ത്രി ബിന്ദു രാജിവെക്കണം -ജോസ് വള്ളൂർ
കരുവന്നൂർ: വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണത്തെ ഫിലോമിനയുടെ മരണത്തിന് ഉത്തരവാദികളായ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിന്റെ ഭരണാധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ഫിലോമിനയുടെ മൃതദേഹവുമായി നടന്ന റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ കെ.എഫ്. ഡൊമിനിക്, സജീവൻ കുരിയച്ചിറ, മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി, എം.ആർ. ഷാജു, സുജ സജീവ് കുമാർ, വിപിൻ വെള്ളയത്ത്, ഷെറിൻ തേർമഠം, അഡ്വ. പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു.
ബാങ്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു
കരുവന്നൂർ: മരിച്ച ഫിലോമിനയുടെ ബന്ധുക്കൾക്ക് കരുവന്നൂർ സഹകരണ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചു. ആർ.ഡി.ഒ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. പണം ലഭ്യമാക്കാൻ ഇടപെടാമെന്ന് ആർ.ഡി.ഒ നൽകിയ ഉറപ്പിലാണ് റോഡ് ഉപരോധ സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.