തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണത്തെ ചൊല്ലി വിവാദം ശക്തമാകുന്നതിനിടെ, പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്നുദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുഖം നൽകിയിരുന്നില്ല. പി.വി അൻവറും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്‍റേതെതെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ഡി.ജി.പിക്ക് കത്ത് നൽകി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മുൻ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. എസ്.പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നാണ് മലപ്പുറം മുൻ എസ് പി സുജിത് ദാസ് പി.വി. അൻവറിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എം.എൽ.എ എം.ആർ. അജിത് കുമാറിന്‍റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശവും ഗുരുതരമെന്നാണ് വിലയിരുത്തൽ.
25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്നും എസ്.പി കൂട്ടിച്ചേർക്കുന്നു. ഇതിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയിൽ സർവശക്തനായിരുന്ന പി.വിജയനെ നശിപ്പിച്ചത് എം.ആർ അജിത് കുമാർ ആണ്. കേസിലുൾപ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിനിടെ എസ്.പി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.