കുടുംബങ്ങളുടെ  തിരോധാനം: അജ്ഞാത കേന്ദ്രത്തിൽ നിന്ന് റാഷിദിന്റെ ചിത്രം 

തൃക്കരിപ്പൂർ: പടന്നയിലെ യുവാവ് അഫ്‌ഗാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സംഘത്തെ നയിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂർ ഉടുംബുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കൾക്ക് ലഭിച്ചു.  

മഞ്ഞുമൂടിയ മലയുടെ പശ്ചാത്തലത്തിൽ അജ്ഞാത കേന്ദ്രത്തിൽ നിന്നാണ് പടം എടുത്തിട്ടുള്ളത്. പടമെടുത്ത തിയതിയോ സമയമോ ലഭ്യമല്ല.  അറബ് ഇതര വംശജർക്ക് അവർ ആഗ്രഹിക്കുന്നുവെങ്കിൽ തിരികെ പോകാമെന്ന ഐ.എസ് ഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സന്ദേശം സൂചിപ്പിച്ച് യുവാക്കളോട് തിരികെവരാൻ  ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുന്നതായാണ് മറുപടി ലഭിച്ചത്. ഇവർക്കൊപ്പമുള്ള അഷ്‌ഫാഖ്‌ ആണ് ബന്ധുക്കൾക്ക് റാഷിദിൻെറ ചിത്രം  അയച്ചു കൊടുത്തത്.

കൊല്ലപ്പെട്ട ഹഫീസുദ്ദീനെ പോലെ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ''അവിശ്വാസികളാണ് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, എം.പി., രാജാവ് എന്നൊക്കെ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, അന്ധവിശ്വാസത്തെയാണ് അല്ലെങ്കിൽ ബഹുദൈവ ആരാധനെയാണ് ജനാധിപത്യം എന്ന് പേരിട്ടു വിളിക്കുന്നത്'' എന്നാണ് അഷ്‌ഫാഖിന്റെ സന്ദേശം.

ഷിഹാസും സാജിദും കൊല്ലപ്പെട്ടുവെന്ന പ്രചാരണം അഷ്‌ഫാഖ്‌  വീണ്ടും നിഷേധിക്കുകയാണ്. അറിവ് പങ്കിടലല്ല, ത്യാഗം ചെയ്യലാണ് അനുധാവനം എന്നുള്ള പോസ്റ്ററും അഷ്‌ഫാഖ്‌ ബന്ധുക്കൾക്ക് അയച്ചു.  കാബൂളിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ബീഹാർ സ്വദേശിനി യാസ്മിൻ അഹമദ്(29) ഉപയോഗിച്ചിരുന്നത് റാഷിദിന്റെ ഫോണും എ.ടി.എം.കാർഡുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

റാഷിദിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് ഇയാളുടെ ഫോണും മറ്റും പോലീസ് നിരീക്ഷിച്ചു തുടങ്ങിയത്. ബീഹാറിൽ നിന്നാണ് സിമ്മും എ.ടി.എം.കാർഡും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ആരാണ് ഉപയോഗിക്കുന്നത് എന്ന് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.  

2000 തൊട്ട് വിദേശത്തായിരുന്ന റാഷിദ് 2013 ലാണ് എറണാകുളം വൈറ്റില സ്വദേശി സോണി സെബാസ്റ്റിൻ എന്ന ആയിഷയെ വിവാഹം ചെയ്തത്. കുടുംബത്തിന്റെ അനുവാദത്തോടെയാണ് മുസ്‌ലിമായ ആയിഷയെ വിവാഹം ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളിൽ ജോലിചെയ്തിരുന്ന റാഷിദാണ് മറ്റുള്ളവരിൽ  തീവ്ര ആശയങ്ങൾ എത്തിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു.

Tags:    
News Summary - Photo of Kerala youth who joined ISIS reaches relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.