തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയ റെഗുലേറ്ററി കമീഷന്റെ നടപടി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് എങ്ങനെ മറികടക്കാമെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കും. അതേസമയം, ജനങ്ങൾക്ക് അമിതഭാരം ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
കരാർ റദ്ദാക്കിയ ശേഷം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന 6,000 കോടിയുടെ ബാധ്യത ജനങ്ങളിൽ അടിച്ചേൽപിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
റെഗുലേറ്ററി കമീഷന്റെ നടപടിക്കെതിരായി സർക്കാർ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് 250 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിന് അനുമതി ലഭിച്ചിട്ടുണ്ട്. കരാർ പ്രാബല്യത്തിലാകുന്നതോടെ വൈദ്യുതി നിരക്ക് ഉയരുമോയെന്ന കാര്യം അടുത്ത വർഷം മാത്രമേ പറയാനാകൂവെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.