പാനൂർ ബോംബ് സ്ഫോടനം രാഷ്ട്രീയമായി കാണേണ്ട, നമ്മു​ടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നതെന്നും നമ്മു​ടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമി​​ല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘നിയമപരമായിട്ട് തന്നെ ഇതിനെതതിരെ നടപടിയെടുക്കും. നടപടി എടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങളെ കാണേണ്ട ആവശ്യമില്ല. തെറ്റാണ് ചെയ്തിട്ടുള്ളത്. ആ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉണ്ടാകും’ -മുഖ്യമന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സി.പി.എം നേതാക്കൾ പോയതിനെയും അദ്ദേഹം ന്യായീകരിച്ചു. മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ലെന്നും തെറ്റിനെയാണ് വെറുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

​വെളിയാഴ്ച പുലർച്ചെ​യാണ് പാനൂർ മുളിയാത്തോട് ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അടക്കം ആറുപേർ അറസ്റ്റിലായിരുന്നു.

ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31) എന്നിവരെയാണ് പാനൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമൽബാബു.

കുന്നോത്തുപറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. മിഥുനെ ബംഗളൂരുവിൽനിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്റെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയായ മിഥുൻ സ്ഫോടനത്തിന്റെ തലേ ദിവസമാണ് നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് പോയത്. അമൽ ബാബു കുന്നോത്തുപറമ്പ് ക്വാറിയിലെ ടിപ്പർ ഡ്രൈവറാണ്.

സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവ് അടക്കം കേസിൽ പ്രതിയായത്. 

Tags:    
News Summary - Pinarayi vijayan about panoor bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.