ന്യൂഡൽഹി: വിവാദ സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് പച്ചക്കൊടിയായില്ല. അന്തിമാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. എന്താണ് ചെയ്യാൻ പറ്റുകയെന്ന് ആലോചിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാറിന് രാഷ്ട്രീയ തടസ്സം ഉള്ളതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
റെയിൽ മന്ത്രിയുമായി കാര്യങ്ങൾ വിശദമായി സംസാരിക്കാമെന്നും, എന്താണ് ചെയ്യാൻ പറ്റുകയെന്ന് ആലോചിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം വിശദീകരിച്ചു. പദ്ധതിയോടുള്ള എതിർപ്പ് ബി.ജെ.പി പാർലമെന്റിൽ പ്രകടിപ്പിക്കുകയും കേരളത്തിൽ സമരം കനക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പിണറായി മോദിയെ കണ്ടത്. പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്നാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.
കാര്യങ്ങൾ അതീവ താൽപര്യത്തോടെ പ്രധാനമന്ത്രി കേട്ടു. നല്ല ചർച്ചയാണ് നടന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -മുഖ്യമന്ത്രി വിശദീകരിച്ചു.അന്തിമാനുമതി വൈകുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് കരുതുന്നില്ല. വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) കൊടുത്തപ്പോൾ സാധാരണ ഗതിയിൽ ഉണ്ടാകുന്ന സംശയങ്ങളുണ്ടായി.
അതിനെല്ലാം മറുപടി കൊടുത്തു കഴിഞ്ഞു. ഇനിയിപ്പോൾ കേന്ദ്രം അനുമതി നൽകണം, അതെയുള്ളൂ. പ്രധാനമന്ത്രി തുറന്ന മനസ്സോടെയാണ് സംസാരിച്ചത്. വികസന പദ്ധതികൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഒരുപാട് വിശദാംശങ്ങളിലേക്ക് കടന്ന് തങ്ങൾ സംസാരിച്ചു. ഏറെ സമയമെടുത്താണ് ചർച്ച നടത്തിയത്. അത്രയും സമയമെടുക്കാമോ എന്ന ശങ്ക തന്നെ തനിക്ക് ഉണ്ടായി. ഒരു തരത്തിലുള്ള രാഷ്ട്രീയ നിലപാടും അദ്ദേഹം പ്രകടിപ്പിച്ചതായി കണ്ടില്ല.
ഔദ്യോഗികമായിട്ടല്ലെങ്കിലും റെയിൽ മന്ത്രിയെയും കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.