അസംബന്ധം എഴുന്നള്ളിക്കുന്നു, ഗവർണർക്ക് എന്തുപറ്റിയെന്ന് കൂടെയുള്ളവർ പരിശോധിക്കണം -പിണറായി

തിരുവനന്തപുരം: ഗവർണറെ കടന്നാക്രമിച്ചും പൊട്ടിത്തെറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ പേഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഗവർണർ നടത്തിയ പരസ്യവിമർശനങ്ങളോട് അസംബന്ധം, അപക്വം, പദവിക്ക് ചേരാത്തത് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്. ഗവർണറായി ചുമതലയേറ്റശേഷം ആരിഫ് മുഹമ്മദ്ഖാൻ നടത്തിവരുന്ന വിമർശനങ്ങളോട് ഇതാദ്യമായാണ് മുഖ്യമന്ത്രി ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്.

സ്വന്തം പേഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്ന ഗവർണറുടെ പരാമർശത്തോട് 'ഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാകണം വർത്തമാനം. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവും ഒരു വ്യക്തിയാണ്. അർഹമാണെന്ന് തോന്നുന്ന ജോലിക്ക് അപേക്ഷിക്കാൻ അവർക്ക് അവകാശമുണ്ട്.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ നൽകുന്നത്? അങ്ങനെ ലഭിക്കുന്ന അപേക്ഷയിൽ ബന്ധപ്പെട്ട സ്ഥാപനം നടപടിക്രമങ്ങൾ പാലിച്ച് തീരുമാനമെടുക്കും. അങ്ങനെയെടുക്കുന്ന തീരുമാനത്തിൽ പിഴവുണ്ടെങ്കിൽ പരിശോധിക്കട്ടെ. തീരുമാനമെടുത്തവർ പിഴവ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കട്ടെ. ആരും തടസ്സം നിൽക്കില്ല. അതിനുപകരം മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ബന്ധുവായതിനാൽ ജോലിക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് പറയാൻ ഗവർണർക്ക് എന്തധികാരം? ആ അധികാരം ആര് നൽകി? ഇതാണോ ഗവർണറുടെയും ചാൻസലറുടെയും പദവികൊണ്ട് ഉദ്ദേശിക്കുന്നത് -മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനം കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നതെന്ന വിമർശനത്തിനും കടുത്ത ഭാഷയിലായിരുന്നു മറുപടി. ആരാണ് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതെന്ന് കുറച്ചുനാളായി നാട് കാണുന്നുണ്ട്. അതിന്‍റെ ഫലമായി എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ ആകട്ടെയെന്ന് കരുതി തങ്ങൾ നോക്കിനിൽക്കുകയായിരുന്നു. അതും ഫലിച്ചതായി കണ്ടില്ല.

ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആശയം എന്നതിലൂടെ ഗവർണർ ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണെങ്കിൽ, ഇന്ത്യയുടെ ഭരണഘടന നിർമാണ സമിതിയിൽപോലും കമ്യൂണിസ്റ്റുകാർ അംഗങ്ങളായിരുന്നുവെന്നത് മറക്കേണ്ട. ആദ്യ പാർലമെന്‍റിലെ പ്രതിപക്ഷസ്ഥാനത്തും കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. എന്തും വിളിച്ചുപറയാനുള്ള സ്ഥാനമാണോ ഗവർണറുടേതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സർക്കാർ-ഗവർണർ പോര് പുതിയ തലത്തിൽ; ബില്ലുകളുടെ ഭാവിയും അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെ സർക്കാർ-ഗവർണർ പോര് പുതിയതലത്തിലേക്ക്. ഇതോടെ പ്രത്യേക നിയമസഭസമ്മേളനം വിളിച്ച് പാസാക്കിയ ലോകായുക്ത ഭേദഗതി, സർവകലാശാല ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഈ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ സമയമെടുക്കുമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം. ഗവർണർക്ക് ബില്ലുകൾ ഒപ്പിടേണ്ടിവരുമെന്നും നിയമപരമായിത്തന്നെയാണ് ബില്ലുകൾ പാസാക്കിയതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇതോടെ മുൻകാലങ്ങളിലില്ലാത്ത നിലയിൽ സർക്കാറും ഗവർണറും തമ്മിലുള്ള ബലപരീക്ഷണം മാറുകയാണ്.

കഴിഞ്ഞദിവസം ഗവർണർ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളാണ് പിണറായി വിജയനെ ചൊടിപ്പിച്ചതെന്ന് വ്യക്തം. ഗവർണറെ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള സി.പി.എമ്മിന്‍റെ തീരുമാനവും മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. അടുത്തിടെയായി ഗവർണർ പല പരസ്യപ്രസ്താവനകളും നടത്തിയിരുന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, നിയമമന്ത്രി പി. രാജീവ് എന്നിവരൊക്കെയായിരുന്നു അതിന് മറുപടി നൽകിയിരുന്നത്. ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ കടന്നാക്രമണം നടത്തിയിരുന്നില്ല.

എന്നാൽ വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ഗവർണറെ പരിഹസിക്കുന്ന തരത്തിലുള്ള നിലപാടും മുഖ്യമന്ത്രി കൈക്കൊണ്ടു. പേഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം താൻ അറിഞ്ഞാണെന്ന ഗവർണറുടെ പരാമർശമാണ് മുഖ്യമന്ത്രിയെ ഏറെ ചൊടിപ്പിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗവർണറുടെ പരാമർശത്തിലും മുഖ്യമന്ത്രിക്ക് കടുത്ത എതിർപ്പുണ്ട്. മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് ഗവർണർ ഇനി എന്ത് മറുപടിയാകും നൽകുകയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഗവർണർ ശനിയാഴ്ച ഈ വിഷയത്തിൽ പ്രതികരിക്കുമെന്നാണ് വിവരം. വീണ്ടും രൂക്ഷമായ വിമർശനത്തിലേക്ക് ഗവർണർ കടക്കുകയാണെങ്കിൽ അത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്ന സാഹചര്യവുമുണ്ടാക്കും. 

Tags:    
News Summary - pinarayi vijayan against arif muhammed khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.