തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തെ ചൊല്ലിയുള്ള വിവാദം പുതിയ മാനങ്ങളിലേക്ക്. മുഖ്യമന്ത്രിയുടെ മുസ്ലിംവിരുദ്ധ നിലപാട് എന്നതിനൊപ്പം പി.ആർ ഏജൻസി വഴിയുള്ള പ്രതിച്ഛായ നിർമിതിയിലെ ധാർമികത സംബന്ധിച്ച ചർച്ചകളിലേക്ക് വളരുകയാണ് വിവാദം. ‘തീവ്രവാദ പ്രവർത്തനങ്ങൾക്കായി മലപ്പുറത്ത് നടക്കുന്ന സ്വർണക്കടത്തും ഹവാല ഇടപാടും പിടികൂടിയ സർക്കാർ നടപടിയോടുള്ള പ്രതികരണമായാണ് സി.പി.എമ്മിന് ആർ.എസ്.എസിനോട് മൃദുസമീപനമെന്ന ആക്ഷേപം ഉയരുന്നതെ’ന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അഭിമുഖത്തിലെ ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
പ്രതിപക്ഷവും വിഷയം ഏറ്റെടുത്തതിന് പിന്നാലെ, ഇത്രയും ഗുരുതരമായ വിവരം കൈവശമുണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. പരാമർശം ബൂമറാങ്ങായി മാറുന്നെന്ന് തിരിച്ചറിഞ്ഞതോടെ സി.പി.എം തിരുത്തുമായി രംഗത്തെത്തി. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ എഡിറ്റർക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് കത്തയച്ചു. സ്വർണക്കടത്ത്, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പറയുകയോ ‘ദേശദ്രോഹ പ്രവർത്തനങ്ങൾ’ എന്ന പദപ്രയോഗം നടത്തുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ വ്യക്തമാക്കി.
പിന്നാലെ, ഖേദപ്രകടനം നടത്തിയ ‘ദ ഹിന്ദു’ എഡിറ്റർ വിവാദ അഭിമുഖത്തിന്റെ പിന്നാമ്പുറ വിവരങ്ങൾ വെളിപ്പെടുത്തി. പി.ആർ ഏജന്സി മുഖാന്തരം ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് അഭിമുഖം എടുത്തത്. അഭിമുഖ വേളയിൽ ലേഖികക്കൊപ്പം പി.ആർ ഏജൻസിയുടെ രണ്ടുപേരും ഉണ്ടായിരുന്നു. സ്വർണക്കടത്ത്, ഹവാല ഇടപാട് സംബന്ധിച്ച ഭാഗങ്ങൾ കൂടി അഭിമുഖത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചതും അത് എഴുതി നൽകിയതും പി.ആർ ഏജൻസിയുടെ പ്രതിനിധിയാണ്. മുഖ്യമന്ത്രി നേരിട്ട് പറയാത്ത മലപ്പുറം പരാമർശം അഭിമുഖത്തിൽ വന്നതിൽ പത്രം ഖേദവും പ്രകടിപ്പിച്ചു.
പത്രം തിരുത്തിയതിന്റെ ആശ്വാസത്തേക്കാൾ, അഭിമുഖം വന്ന വഴി പാട്ടായത് പിണറായി വിജയന് വലിയ പരിക്കായി. പി.ആർ ഏജൻസികൾ നൽകിയ പ്രതിച്ഛായയിലാണ് മുഖ്യമന്ത്രിയുടെ നിലനിൽപ്പെന്നത് പ്രതിപക്ഷം നേരത്തേ ഉന്നയിക്കുന്ന ആക്ഷേപമാണ്. ആരോപണം ആവർത്തിക്കുമ്പോൾ സി.പി.എമ്മിന് തൽക്കാലം മറുപടിയില്ല. പാർട്ടിക്കും സർക്കാറിനുമെതിരെ തുടർച്ചയായി കടന്നാക്രമണം നടത്തുന്ന പി.വി. അൻവറിനെ പ്രതിരോധത്തിലാക്കാനാണ് മുഖ്യമന്ത്രി മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കണക്കുമായി രംഗത്തുവന്നത്. തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞ കണക്ക് തന്നെയാണ് അഭിമുഖത്തിലും ആവർത്തിച്ചത്.
മലപ്പുറത്തെ എടുത്തുപറഞ്ഞ് തീവ്രവാദ മുദ്രകുത്തിയതോടെയാണ് വിഷയം മുഖ്യമന്ത്രിയുടെ കൈവിട്ടുപോയത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ ആദ്യദിനം മുസ്ലിം വിഭാഗത്തിൽനിന്ന് പ്രതിഷേധം ഉയർന്നപ്പോഴും മുഖ്യമന്ത്രിയോ പാർട്ടിയോ പ്രതികരിച്ചില്ല. തീവ്രവാദമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യം പ്രതിപക്ഷവും ഗവർണറും ഉയർത്തിയപ്പോൾ മാത്രമാണ് തിരുത്തലിന് തയാറായത്. തിരുത്തിയതാകട്ടെ, വെളുക്കാൻ തേച്ച് പാണ്ടായി എന്നതുപോലെയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.