തൃശൂർ: മതനിരപേക്ഷത പുലരേണ്ട രാജ്യത്ത് രണ്ട് നീതിയാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് പല തട്ടിലുള്ള നിലപാടാണ് കേന്ദ്രസർക്കാറിന്. ചില ഘട്ടങ്ങളിൽ സിവിൽ കേസായും മുസ്ലിം സമുദായത്തിലുള്ളവരുടെ കാര്യമാകുമ്പോൾ ക്രിമിനൽ കേസായും കൈകാര്യം ചെയ്യണമെന്ന നിലപാടാണ് അവർക്ക്. ഇത്തരം രണ്ട് നീതി നടപ്പാക്കി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. കിസാൻസഭ ദേശീയ സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളിലും കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാനാകുന്നില്ല. ചില പ്രമേയങ്ങൾ പാർലമെന്റിൽ വരുമ്പോൾ കോൺഗ്രസുകാരെ കാണാനില്ല. ബി.ജെ.പി നിലപാടിനെ തുറന്നുകാണിക്കാനും എതിർക്കാനും കോൺഗ്രസിനാകുന്നില്ല. വർഗീയതയുമായി സമരസപ്പെട്ട് എതിർക്കാൻ സാധിക്കില്ല. കോൺഗ്രസിനെ നയിക്കുന്നയാളാണ്, വേണമെങ്കിൽ ബി.ജെ.പിയാകുമെന്ന് പറയുന്നതും ആർ.എസ്.എസിന് സംരക്ഷണം കൊടുത്തെന്ന് പറയുന്നതും.
കേരളത്തിൽ ഒരു രീതിയിലും വികസനം വരരുതെന്ന ഒരേ മനസ്സോടെയാണ് കോൺഗ്രസും ബി.ജെ.പിയും പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം കാവിവത്കരിക്കാനുള്ള ശ്രമത്തെ എതിർത്ത് തോൽപിക്കണം. കർഷകർക്ക് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറി. അതിന് വഴിമരുന്നിട്ട ആഗോളീകരണ -ഉദാരീകരണ നയങ്ങൾക്കും ഗാട്ട് കരാറിനുമൊക്കെ തുടക്കമിട്ടത് കോൺഗ്രസാണ്. ഈ ആഗോളീകരണ നയങ്ങളിൽനിന്ന് വ്യത്യസ്തമായി ബദൽ നയവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ കേരളത്തിലെ കർഷകർ നിർവഹിച്ച പങ്ക് നിസ്തുലമാണെന്ന് കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്ളെ അഭിപ്രായപ്പെട്ടു. മൂന്ന് കർഷക നിയമങ്ങൾ ഉപേക്ഷിക്കണമെന്ന് ആദ്യമായി പ്രമേയം പാസാക്കിയത് കേരള നിയമസഭയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.