പിണറായി വിജയൻ കൊള്ളക്കാരുടെ ക്യാപ്റ്റൻ -പി.കെ. കൃഷ്ണദാസ്

വടക്കാഞ്ചേരി: സംസ്ഥാനത്ത് നടന്ന വൻ വനംകൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മുൻ റവന്യൂ-വനം വകുപ്പ് മന്ത്രിമാർക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ നീക്കമാണ് കൊള്ളക്ക് പിന്നിൽ. ഉന്നത ഉദ്യോഗസ്ഥരും വനം മാഫിയയുമായി ചേർന്നാണ് കൊള്ള നടന്നിട്ടുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. വനംകൊള്ള നടന്ന തൃശൂർ ജില്ലയിലെ പുലക്കോട്, അകമല പൂക്കോട്, പൂമല പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കാൻ സംസ്ഥാന വനം, റവന്യൂ മന്ത്രിമാർക്ക് അധികാരമില്ല എന്നതാണ് വസ്തുത. ഒന്നാം പിണറായി സർക്കാറിന്‍റെ കാലഘട്ടത്തിൽ നടന്ന വനംകൊള്ളയിലൂടെ സമ്പാദിച്ച അയ്യായിരം കോടി രൂപയുടെ കള്ളപ്പണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി കേരളത്തിൽ ഒഴുക്കിയത്.

മുഖ്യമന്ത്രിക്കും മുൻ വനം റവന്യു വകുപ്പ് മന്ത്രിമാർക്കും സി.പി.ഐ, സി.പി.എം കക്ഷികൾക്കും കൊള്ളയിൽ തുല്യ പങ്ക് ആണുള്ളത്. കളവ് പുറത്തു വന്നപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വനംകൊള്ളയ്ക്ക് സൗകര്യമൊരുക്കാൻ കൊള്ള നടന്ന സ്ഥലങ്ങളിലെ നാല് ഫോറസ്റ്റ് ഓഫിസുകൾ മുൻകൂട്ടി അടച്ച് പൂട്ടിയത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് മരംകൊള്ള നടന്നിട്ടുള്ളത് എന്നതിന് തെളിവാണ്. വീരപ്പനെ പോലും വെല്ലുന്ന വനം കൊള്ളക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി കൊള്ളക്കാരുടെ ക്യാപ്റ്റൻ ആണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

വനം കേന്ദ്രത്തിന്‍റെയും അധികാര പരിധിയിൽ ആയതിനാൽ നിയമ നടപടികൾക്ക് ബി.ജെ.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച വനം കൊള്ളക്കെതിരെ സംസ്ഥാനത്തു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Pinarayi Vijayan Captain of the robbers - PK Krishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.