തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിവാദ പരാമർശം ഏറ്റുപിടിച്ച് പ്രിയങ്ക ഗാന്ധി. സ്വർണക്കടത്ത്, ലൈഫ്മിഷൻ കേസുകൾ പുറത്തുവന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ പിണറായി വിജയനെതിരെ ഒന്നും ചെയ്തില്ലെന്നും ഒത്തുകളിയാണ് നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പൂന്തുറയിൽ ശശി തരൂരിനായുള്ള റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുലിന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ സി.പി.എം ശക്തമായി രംഗത്തുവന്നതിന് പിന്നാലെയാണ് പ്രിയങ്ക വിവാദ പരാമർശം ആവർത്തിച്ചത്.
കേരള മുഖ്യമന്ത്രി എപ്പോഴും വിമർശിച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മാത്രമാണ്. അദ്ദേഹം ബി.ജെ.പിയെ വിമർശിക്കുന്നത് നിങ്ങൾ ഇപ്പോൾ കേൾക്കാറുണ്ടോ? സ്വർണക്കടത്ത് പോലുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രയുടെ പേരുൾപ്പെട്ടത് നിങ്ങൾ കേട്ടിട്ടില്ലേ. ഈ ഘട്ടത്തിൽ ഞാൻ ഒരു ചോദ്യം മുന്നോട്ടുവെക്കുന്നു. പിണറായി വിജയനെതിരെ എന്തെങ്കിലും കേസുകൾ ഇ.ഡിയും സി.ബി.ഐയും എടുത്തിട്ടുണ്ടോ? ഇല്ല. ഒത്തുകളിയാണ് നടക്കുന്നതെന്നും ഒത്തുകളിക്കാരെ പിന്തുണക്കരുതെന്നും പ്രിയങ്ക പറഞ്ഞു.
വിഭാഗീയതയും വെറുപ്പുമാണ് നരേന്ദ്ര മോദിയും പാർട്ടിയും പ്രചരിപ്പിക്കുന്നത്. അതു രാജ്യത്തെ നശിപ്പിക്കും. 10 വർഷത്തെ കേന്ദ്ര ഭരണം വളരെ മോശമാണ്. ഞങ്ങൾ അധികാരത്തിൽ തിരിച്ചുവന്നാൽ എന്തൊക്കെ ചെയ്യുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. പറയുന്നത് പാലിക്കുന്നവരാണെന്ന് കർണാടകയിലും തെലങ്കാനയിലും ഞങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.