കൊല്ലം: നാടിന്റെ തൊഴില്‍മേഖലയുടെ പരിച്ഛേദമായി മുഖ്യമന്ത്രിയുടെ തൊഴിൽ സദസ്. വ്യത്യസ്ത തൊഴിലിടങ്ങളില്‍ നിന്നുള്ള 57 പേര് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.
സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയില്‍ സംതൃപ്തി പ്രകടമാക്കിയതിനൊപ്പം ആവശ്യമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമുന്നയിച്ചു. തൊഴില്‍സുരക്ഷിതത്വം, ആനുകൂല്യങ്ങളിലെ വിടവുകള്‍, കൂലി പരിഷ്കരണം എന്നിവയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.
വിവിധ മേഖലകളില്‍ കാലാനുസൃത പുരോഗതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത് അംഗീകരിച്ചതിനൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കിട്ടു. ആവശ്യങ്ങളും നിര്‍ദേങ്ങളും ശ്രദ്ധാപൂര്‍വം വിലയിരുത്തിയ മുഖ്യമന്ത്രി വിഷയങ്ങളുടെ സമഗ്രതയിലൂന്നിയായിരുന്നു മറുപടി നൽകിയത്.
മുഖ്യമന്ത്രി സദസിൽ എത്തുന്നതിന് മണിക്കൂർ മുമ്പുതന്നെ സദസ് നിറഞ്ഞിരുന്നു. അരിസ്റ്റോ സുരേഷിന്റെ ഗാനാലാപനവും അരങ്ങേറി. വലിയ പൊലീസ് വലയം ഉണ്ടായിരുന്നെങ്കിലും സാധാരണ മുഖ്യമന്ത്രിയുടെ പരിപാടികളിൽ ഉണ്ടാകാറുള്ള കടുത്ത സുരക്ഷ പരിശോധനകളൊന്നും ഇല്ലാതെയാണ് മുഖാമുഖം വേദിയിലേക്ക് ആളുകൾ കടന്നെത്തിയത്. മുഖ്യമന്ത്രി സദസിനിടയിലൂടെ വേദിയിലേക്ക് കടന്നെത്തിയപ്പോഴും യാതൊരു ഇടപെടലും പൊലീസിന്റെ ഭാഗത്ത്നിന്നുണ്ടായില്ല. നവകേരള സദസിനോടനുബന്ധിച്ച് ചിന്നക്കടയിൽ കശുവണ്ടി കൊണ്ട് തീർത്ത മുഖ്യമന്ത്രിയുടെ ചിത്രത്തിന്റെ പകർപ്പ് അദേഹത്തിന് കശുവണ്ടി തൊഴിലാളികള്‍ സമ്മാനിച്ചു.
ഇവർക്ക് പുഞ്ചിരി സമ്മാനിച്ചാണ് മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങിയത്. 57 തൊഴിലാളികളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചത്.
വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധീകരിച്ച് എത്തിയവർ തൊഴിൽസദസിൽ ഉയർത്തിയ ചില ആവശ്യങ്ങൾ ഇങ്ങനെ
തൊഴിലാളി-തൊഴിലുടമ ബന്ധം ഊഷ്മളമായി തുടരുന്നതിന് സാഹചര്യമൊരുക്കി സേവന-വേതന വ്യവസ്ഥയിലെ അവശ്യപരിഷ്കരണം പരിഗണിക്കും. തര്‍ക്കപരിഹാരത്തിനായി പ്രത്യേക സെല്‍ രൂപീകരിക്കും. സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തും. പുതുതലമുറ തൊഴില്‍മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പ്രശ്നപരിഹാരത്തിനുമായി നിയമ നിര്‍മാണം നടത്തും. ഒപ്പം ക്ഷേമപദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുമാണ്. ഗാര്‍ഹികതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍സമയം ക്രമീകരിക്കുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കും. മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള ഏജന്‍സികളുടെ ചൂഷണം തടയുന്നതിനും നടപടികളുണ്ടാകും.
ഓണ്‍ലൈന്‍ വിപണനസമ്പ്രദായവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് ഏര്‍പ്പെടുത്തി തൊഴില്‍സുരക്ഷക്ക് വഴിയൊരുക്കും. സ്ത്രീതൊഴിലാളി സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നല്‍കും. രാത്രികാല ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താമസസൗകര്യത്തിനായി സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ് വികസിപ്പിക്കുകയാണ്. അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന് സമ്പൂര്‍ണമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും.
അണ്‍എയ്ഡഡ് സ്കൂളുകളിലുള്ളവര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവഅവധി തുടങ്ങിയവ ഏര്‍പ്പെടുത്താനായി. കശുവണ്ടിമേഖലയിലെ പീലിങ് തൊഴിലാളികള്‍ക്ക് കൂലിപരിഷ്കരണത്തിന് നടപടിയായി. ആനപരിപാലനമേഖലയിലും മിനിമം കൂലി ഉറപ്പാക്കുകയാണ്. ഇന്‍ഷുറന്‍സ് -ആരോഗ്യ പരിരക്ഷയുമുണ്ടാകും. നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്നതിനും നടപടിയെടുക്കും.
നൈപുണി വികസന കേന്ദ്രങ്ങള്‍ കൂടുതലായി സ്ഥാപിക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സിനിമ ഷൂട്ടിങ്ങിനായി മിതമായ നിരക്കില്‍ വിട്ടുനല്‍കാനും തീരുമാനിച്ചു. മാധ്യമ മേഖലയിലെ വേതനസ്ഥിതിയും പരിശോധിക്കും. കരകൗശലവിദഗ്ധരുടെ വിവരശേഖരണം നടത്തും. മേക്കപ്പ് കലാരംഗത്തുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മേക്കപ് അധികമാകരുതെന്ന സരസമായ മറുപടി പറയാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.