കണ്ണൂര്‍: ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും.
പിണറായി വിജയന് തലശ്ശേരി എസ്.ബി.ഐയില്‍ 78,048.51 രൂപയും പിണറായി സര്‍വിസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്.
കൈരളി ചാനലില്‍ 10,000 രൂപ വില വരുന്ന 1000 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയർ പിണറായി ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയർ കിയാലിലുമുണ്ട്.
സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീടുള്‍ക്കൊള്ളുന്ന 58 സെൻറ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെൻറ് സ്ഥലവും സ്വന്തമായുണ്ട്.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായിയുടെ വരുമാനം. പിണറായി വിജയെൻറ ഭാര്യ തായക്കണ്ടിയില്‍ കമലക്ക് തലശ്ശേരി എസ്.ബി.ഐയില്‍ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയില്‍ 32,664.40 രൂപയും മാടായി കോഓപ് ബാങ്കില്‍ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ് ബാങ്കില്‍ 11,98,914 രൂപ സ്ഥിര നിക്ഷേപവുമുണ്ട്.
കൈരളി ചാനലില്‍ 20,000 രൂപ വില വരുന്ന 2000 ഷെയറും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) കമ്പനിയില്‍ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. പിണറായി പോസ്റ്റ് ഓഫിസില്‍ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫിസില്‍ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണം കമലക്ക് സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്.
ഒഞ്ചിയം കണ്ണൂക്കരയില്‍ 17.5 സെൻറ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തില്‍ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിൽ വ്യക്തമാക്കുന്നു. രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അഫിഡവിറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.