മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയൻ -എ.എൻ ഷംസീർ

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്ന ഏക മുഖം പാണക്കാട് തങ്ങളല്ലെന്നും പിണറായി വിജയനാണണെന്നും സി.പി.എം നേതാവ് എ.എൻ ഷംസീർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി കലാപത്തിന്റെ സമയത്ത് മതന്യൂനപക്ഷങ്ങൾക്ക് സാന്ത്വനമേകിയ രാഷ്ട്രീയക്കാരനാണ് പിണറായി. എന്തുകൊണ്ട് ഇടതുപക്ഷം വീണ്ടും വന്നു? മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്. അത് തൊള്ളായിരത്തി എഴുപതിൽ അവർ തിരിച്ചറിഞ്ഞതാണ്.

നിങ്ങളുടെ ലക്ഷ്യം പിണറായിയാണെങ്കിൽ ഒരു കാര്യം പറയാം. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയർന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ത്യാഗനിർഭരമായ സമരത്തിന്റെ, സഹനത്തിന്റെ കഥകൾ പറയാനുണ്ട് അദ്ദേഹത്തിന്. അഞ്ചു പതിറ്റാണ്ടിലേറെ കേരളത്തിൽ യു.ഡി.എഫും ആർ.എസ്.എസും അദ്ദേഹത്തെ ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. അടിയന്തരാവസ്ഥയിൽ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ട് ഉരുട്ടി. അദ്ദേഹത്തിന്റെ കാല് തകർത്തു. മാസങ്ങളോളം ജയിലിലിട്ടു. ഒരു വർഷത്തോളം കൂടെ ലീഗിന്റെ ചില നേതാക്കന്മാരും ഉണ്ടായിരുന്നു.

അതിനുശേഷം കോൺഗ്രസിന്റെ ആളുകൾ കൊല്ലാൻ ശ്രമിച്ചു. തലശ്ശേരിയിൽ നടന്ന ഒരു ചടങ്ങിൽ കോൺഗ്രസിന്റെ അന്നത്തെ നേതാവും പ്രമുഖനായ ഗുണ്ടാത്തലവനുമായ മമ്പറം ദിവാകരൻ പറഞ്ഞു, ഈ മനുഷ്യനെ കൊല്ലാൻ അരയിൽ കത്തിയുമായി താൻ എത്രയോ നടന്നിട്ടുണ്ടെന്ന്. ആർ.എസ്.എസ് ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. അതിലും പരാജയപ്പെട്ടു.

ഈ നാട്ടിൽ പ്രകാശം പരത്തിയ ഒരാളുണ്ടെങ്കിൽ അത് ഈ മനുഷ്യനാണ്. 96 മുതൽ 98 വരെ അദ്ദേഹം കേരളത്തിന്റെ വൈദ്യുതി മന്ത്രിയായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ കേരളത്തിനാകെ വെളിച്ചം നൽകിയത് അന്നത്തെ ഇടതുപക്ഷ സർക്കാരാണ്. അതിന് നേതൃത്വം നൽകിയത് പിണറായി വിജയനാണ്. അതിന്റെ പേരിലാണ് ലാവ്‌ലിൻ കേസ്.

സ്വർണക്കടത്തിൽ ഇസ്‌ലാമോഫോബിയയുണ്ട്. ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ് -ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായി യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനം മാറുന്നു. അതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണം. ലോകത്താകെ ഇസ്‌ലാമോഫോബിയയുണ്ട്. അതിന്റെ വക്താക്കളായി ലീഗ് മാറാൻ പാടുണ്ടോ? കോൺഗ്രസിനെ പറഞ്ഞിട്ട് കാര്യമില്ല, അവർ എന്തും പറയും-ഷംസീർ പറഞ്ഞു.

ഏറ്റവും വലിയ വർഗീയ വിഷം നിറഞ്ഞയാളാണ് കൃഷ്ണരാജ്. ഇത് ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി അറിയണം. തൃശൂർ മെഡിക്കൽ കോളജിൽ ജാനകിയും നവീൻ റസാഖും എന്നു പേരുള്ള രണ്ട് കുട്ടികൾ ഒന്നിച്ച് നൃത്തം ചെയ്തപ്പോൾ അതിന് വർഗീയച്ചുവ നൽകിയ വർഗീയ ഭ്രാന്തനാണ്. പ്രതിപക്ഷ നേതാവിന്റെ ഉറ്റമിത്രം, ഒക്കച്ചങ്ങായി. ഒന്നാം സ്വർണക്കടത്ത് പൊട്ടിയ പോലെ രണ്ടാം സ്വർണക്കടത്തും പൊട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഷംസീർ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan is the only face that religious minorities can trust, not panakkad thangal -AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.