തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാംനാളിലും മുഖ്യമന്ത്രി പിണറായി വിജയന് മൗനം. വോട്ടെണ്ണൽ ദിനത്തിൽ തിരുവനന്തപുരത്തുണ്ടായിരുന്ന മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എ.കെ.ജി സെൻററിൽ എത്തിയെങ്കിലും പ്രതികരിച്ചില്ല. ശനിയാഴ്ച സ്വന്തം മണ്ഡലത്തിൽ വിവിധ ഉദ്ഘാടന പരിപാടികളിലായിരുന്നു മുഖ്യമന്ത്രി. അവിടെയും തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സമൂഹ മാധ്യമങ്ങളിലും ഒന്നും കുറിച്ചില്ല. മുഖ്യമന്ത്രിയുടെ മൗനം ആയുധമാക്കി പിണറായി വിജയനെ മുൾമുനയിൽ നിർത്തുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റുമെല്ലാം മുഖ്യമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് രംഗത്തെത്തി. എന്തുകൊണ്ട് ഇത്രവലിയ വോട്ട് വ്യത്യാസമെന്ന ചോദ്യവുമായി പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്തുവന്നിരുന്നു.
മറ്റ് ചില നേതാക്കളും സമാന അഭിപ്രായം നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്. ഭരണവിരുദ്ധവികാരം പരിശോധിക്കണമെന്ന പൊതുവികാരമാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. പുതുപ്പള്ളി ഫലം ഇടതുമുന്നണിയിൽ വിതച്ച ആശങ്കകൾ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയാണ് തിരിയുന്നത്.
എല്ലാം പരിശോധിച്ച് ആവശ്യമായ നടപടികളുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പുതിയ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരവും ആരോപണങ്ങളും സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നേതൃയോഗത്തിൽ ചർച്ചയാകുമെന്നുറപ്പ്. അപ്പോഴും മുഖ്യമന്ത്രി മൗനം തുടരുമോയെന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.