തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർണ മേൽക്കോയ്മയേയും സമൂഹ തിന്മകളേയും ചോദ്യം ചെയ്ത് ചൂഷണത്തിനെതിരെ നിലകൊണ്ട വ്യക്തിയാണ് ശ്രീനാരായണ ഗുരു എന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വിജയൻ പറഞ്ഞു.
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനു'മെന്ന എന്ന ഗുരുവിന്‍റെ ആശയത്തിന് നൂറുവർഷങ്ങൾക്കിപ്പുറവും പ്രസക്തി വർധിക്കുകയാണെന്നും ഗുരുവിന്‍റെ ഇടപെടലുകളും പോരാട്ട ചരിത്രവും എക്കാലവും മാർഗ്ഗദർശകമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഫെയിസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവർണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ശക്തിയുക്തം നിലകൊണ്ടു. പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമതസമ്മേളനത്തിന്റെ ശതാബ്ദി വർഷം കൂടിയാണ് ഇത്. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം വിളിച്ചു ചേർത്തത്. മതജാതി വൈരത്താൽ മലീമസമായ സമൂഹത്തിൽ സാഹോദര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് സർവമത സമ്മേളനം നൽകിയത്.
നൂറുവർഷങ്ങൾക്കിപ്പുറം ഈ ആശയത്തിന്റെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂ. ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗദർശകമാവട്ടെ. ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.