നിങ്ങള്‍ ഏത് ചേരിയിലാണ്? എഴുത്തുകാരോട് മുഖ്യമന്ത്രി

തൃശൂര്‍: നിങ്ങള്‍ ഏത് ചേരിയിലാണ് നില്‍ക്കുന്നതെന്ന് എഴുത്തുകാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും അഭിപ്രായ സ്വാതന്ത്ര്യവും ഇത്രയധികം അടിച്ചമര്‍ത്തപ്പെട്ട കാലഘട്ടം മുമ്പുണ്ടായിട്ടില്ല. അടിയന്തരാവസ്ഥയില്‍പോലും സാഹിത്യകാരന്മാരെ കൊന്നൊടുക്കിയിട്ടില്ല. 

ഇത്തരമൊരു സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോഴാണ് സാഹിത്യകാരന്മാര്‍ ഏത് ചേരിയിലാണെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത് -അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു ചേരിയിലുമില്ളെന്ന് പറയുന്നവര്‍ക്കുനേരെയും നാസിസത്തിന്‍െറ വാള്‍ പതിച്ചിട്ടുണ്ട്. നോവലിസ്റ്റ് സേതുവിനെ നാഷനല്‍ ബുക്ക് ട്രസ്റ്റിന്‍െറ തലപ്പത്തുനിന്ന് പുകച്ച് പുറത്തുചാടിച്ച് ആര്‍.എസ്.എസുകാരനായ ബല്‍ദേവ് ശര്‍മയെ അവരോധിച്ചു. ഇത് സേതുവിന്‍െറ വ്യക്തിപരമായ വിഷയമായി കണ്ട് സാഹിത്യകാരന്മാര്‍ പ്രതികരിച്ചില്ല. ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും കാവിവത്കരിക്കാന്‍ ശ്രമം തുടരുകയാണ്. സുദര്‍ശന റാവുവിനെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനാക്കിയത് ആര്‍.എസ്.എസുകാരന്‍ എന്ന നിലക്കാണ് -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചില കാര്യങ്ങളില്‍ എഴുത്തുകാര്‍ പ്രതികരിക്കാനെങ്കിലും തയാറാകണം. രാജ്യത്തിന്‍െറ ഐക്യം ആഗ്രഹിക്കുന്നവര്‍ മതനിരപേക്ഷതക്കൊപ്പം നില്‍ക്കുന്നവരെ ഒന്നിച്ചണിനിരത്തി വര്‍ഗീയതയെ ചെറുക്കണം. ചെറുത്തുനില്‍പ്പിന്‍െറ ഐക്യത്തെ വിശ്വാസത്തിന്‍െറ പേരുപറഞ്ഞ് ഭിന്നിപ്പിക്കുന്നത് ഭീകരശക്തികള്‍ക്ക് സഹായകമാകും. വിശ്വാസികള്‍, അവിശ്വാസികള്‍ എന്നതല്ല പ്രശ്നം. ജനങ്ങളുടെ സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ ഒരുമിക്കണമെന്നതാണ് പ്രധാനം.

കലയും സാഹിത്യവും സമൂഹത്തിന്‍െറ മേല്‍ക്കൂരയാണ്. അടിത്തട്ടിലെ മതനിരപേക്ഷതയും സാഹോദര്യവും നശിച്ചാല്‍ മേല്‍ക്കൂര തകരും. ഗോമാംസം ഭക്ഷിക്കുന്നതിന് എതിരായ അതിക്രമങ്ങള്‍ തുടരുന്നു. വര്‍ഗീയ കലാപങ്ങള്‍, ഭീകരവാദം, ആക്രമണോത്സുക ഭക്തി രാഷ്ട്രീയം, മതരാഷ്ട്രവാദം, വിശപ്പ്, ദാരിദ്ര്യം, സ്വേച്ഛാധിപത്യ പ്രവണതകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കോര്‍പറേറ്റ് മൂലധന വികസനം, ആഭ്യന്തരവും ബാഹ്യവുമായ യുദ്ധോത്സുകത എന്നിവയെല്ലാം കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങളാണ്. ദലിത്, മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ആശങ്കപ്പെടുത്തുന്നതാണ്-അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്‍റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
 

Tags:    
News Summary - pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.