'ഒക്കച്ചങ്ങാതിമാർ' പറയുമ്പോൾ ലീഗ് എങ്ങിനെ ഏറ്റെടുക്കാതിരിക്കും; കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്ന മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ഒക്കച്ചങ്ങാതിമാർ' പറയുമ്പോൾ എങ്ങിനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് കരുതിയിട്ടാവും കുഞ്ഞാലിക്കുട്ടി ആരോപണമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്.

ബി.ജെ.പി പറഞ്ഞാൽ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗ് നേതൃത്വത്തിന് തോന്നുന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് ഇപ്പോൾ അങ്ങനെയൊരു നിലയാണല്ലോ സ്വീകരിക്കുന്നത്. ആദ്യം ബി.ജെ.പി പറയും. പിന്നെ അതിന് ബലം കൊടുക്കാൻ യു.ഡി.എഫ് ഇടപെടും.

ആരോപണം ആദ്യം പറഞ്ഞയാള്‍ക്ക് ഇതിന്‍റെ സാങ്കേതികത്വം അറിയാന്‍‍ വഴിയില്ല. പക്ഷേ കുഞ്ഞാലിക്കുട്ടിയെപോലെ ദീര്‍ഘകാലം മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാള്‍ക്ക് ഇതറിയാതെ ഇരിക്കാന്‍ വഴിയില്ലെന്നും പിണറായി പറഞ്ഞു. 2013 ആഗസ്റ്റ് 24 മുതല്‍ ഫയല്‍ പ്രോസസിങ് ഇ-ഓഫിസ് സോഫ്റ്റ്‍വേര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബി.ജെ.പി വക്താവ് സന്ദീപ് വാര്യരാണ് മുഖ്യമന്ത്രിക്കെതിരെ വ്യാജ ഒപ്പ് ആരോപണം ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. ശേഷം ഇത് വളരെ ഗൗരവമുള്ള കാര്യമാണ് എന്ന വിമര്‍ശനവുമായി മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.