മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച് വില 55ലെത്തുന്നത്.
ഇതിന് മുമ്പ് 2022ൽ കടുത്ത വേനലിൽവില 60 രൂപയിൽ എത്തിയിരുന്നത് ഒഴിച്ചാൽ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ൽ 15 രൂപയായിരുന്നു വില. 2016ൽ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ൽ 60 എത്തി.
2023 ൽ 38 രൂപയായി. ഈ വർഷം 55ൽ എത്തി. പുറത്ത് വിൽപന നടത്തുന്നത് 70 രൂപമുതൽ 80 രൂപ വരേക്കാണ്. വർഷകാലത്ത് വില ഉയർന്നത് കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻതോതിൽ ചരക്കിന് ആവശ്യമുയർന്നതാണ് വില വർധനക്ക് കാരണം. ഇതിനുപുറമെ കാലാവസ്ഥ വ്യതിയാനം മൂലം ഫംഗസ് ബാധ വന്നതോടെ ഉൽപാദനം കുറഞ്ഞതും വിലവർധനക്ക് കാരണമായിട്ടുണ്ട്. ഓരോ തോട്ടത്തിലും 10 ശതമാനം മുതൽ 15 ശതമാനം വരെ പൈനാപ്പിൾ രോഗം ബാധിച്ച് നശിച്ചു.
വിളവെടുക്കാറായ തോട്ടത്തിൽ സാധാരണ നിലയിൽ ഫംഗസ് ബാധ ഉണ്ടാകാറില്ല. എന്നാൽ, ഇക്കൊല്ലം വലിയ തോതിൽ ഫംഗസ് ബാധ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കുളം മാർക്കറ്റിൽ നിന്ന് നിരവധി ലോഡ് ഉൽപന്നമാണ് ഇതരസംസ്ഥാനങ്ങളിലേക്ക് കയറിപ്പോയത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനേന പൈനാപ്പിൾ കയറി പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.