കോട്ടയം: പിറവത്തെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരോപണത്തിന് മറുപടിയുമായി എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്. പിറവത്തേത് പെയ്മെന്‍റ് സീറ്റല്ലെന്ന് സിന്ധുമോൾ ജേക്കബ് പറഞ്ഞു. പെയ്മെന്‍റ് സീറ്റാണോ എന്ന് ആക്ഷേപം ഉന്നയിച്ച ആളോട് ചോദിക്കണമെന്നും സിന്ധുമോൾ വ്യക്തമാക്കി.
സ്ഥാനാർഥിത്വം സംബന്ധിച്ച എതിർപ്പ് കാര്യമാക്കുന്നില്ല. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. സി.പി.എം അംഗത്വം രാജിവെച്ച് കേരള കോൺഗ്രസിൽ ചേരുമെന്നും സിന്ധുമോൾ വ്യക്തമാക്കി.
ക്രൈസ്തവരോ യാക്കോബായ സഭയോ ബി.ജെ.പിയുമായി ബന്ധമുണ്ടാക്കുമെന്ന് കരുതുന്നില്ല. മതേതരത്വത്തിനും വികസനത്തിനും ആണ് പാർട്ടി മുൻതൂക്കം നൽകുന്നത്. ഇക്കാര്യത്തിൽ ജാതി സമവാക്യം മാറി നിൽക്കുമെന്നും സിന്ധു മോൾ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണെന്നും തന്‍റെ ജന്മനാടാണ് പിറവമെന്നും സിന്ധുമോൾ ജേക്കബ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
പിറവത്ത് കേരള കോൺഗ്രസിന് ലഭിച്ച സീറ്റ് മറിച്ചുവിറ്റെന്ന ആരോപണവുമായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജില്‍സ് പെരിയപ്പുറമാണ് രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് ജില്‍സ് രാജിവെക്കുകയും ചെയ്തു.
പിറവം നഗരസഭ കൗൺസലറായിരുന്ന ജില്‍സ് പിറവത്ത് സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാടകീയമായാണ് സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സിന്ധു മോൾ ജേക്കബ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. പണവും ജാതിയും നോക്കിയാണ് സ്ഥാനാർഥി നിർണയമെന്നാണ് ജിൽസിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.