കൊച്ചി: കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച നടൻ രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യനാണെന്ന് സുഹൃത്തും നടനുമായ ധർമജൻ ബോൾഗാട്ടി. ദീർഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കൾ തീരുമാനിക്കേണ്ട കാര്യമാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കാൻ താൻ തയാറാണെന്നും ധർമജൻ പറഞ്ഞു.
തന്നോടൊപ്പം പിഷാരടി കൂടി കോൺഗ്രസിലേക്ക് വരുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് കാര്യം മനസ്സിലാകും. വളരെ ആലോചിച്ചും ബുദ്ധിപൂർവവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി. എന്നും കോൺഗ്രസ് അനുഭാവിയായിരുന്നു. ഞങ്ങൾ തമ്മിൽ രാഷ്ട്രീയം സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും.
18 വർഷമായി തുടരുന്ന കൂട്ടുകെട്ടാണ് ഞങ്ങൾ തമ്മിൽ. മത്സരിച്ചില്ലെങ്കിൽ പിഷാരടി പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. അറിയപ്പെടുന്ന നേതാവായി മാറുമെന്നും ധർമജൻ പറഞ്ഞു.
കോൺഗ്രസ് പ്രചാരണത്തിന്‍റെ മുൻനിരയിലുണ്ടാകുമെന്ന് ധർമജൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉറ്റസുഹൃത്ത് രമേഷ് പിഷാരടിയും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അടുത്ത ദിവസം ഹരിപ്പാട് പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പിഷാരടി പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, ധർമജൻ ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വ്യാപക അഭ്യൂഹമുണ്ട്. മണ്ഡലത്തിലെ നിരവധി പൊതു-സ്വകാര്യ ചടങ്ങുകളിൽ ധർമജൻ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.