സുപ്രഭാതം മുഖപ്രസംഗത്തിനെതിരേ സി.പി.എം നേതാവ് പി.ജയരാജൻ. പത്രം വെള്ളിയാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗവും ലീഗ് അനുകൂല വിഭാഗത്തിന്‍റെ പ്രചാരണതന്ത്രവും സമൂഹത്തിന്‍റെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതാണെന്നും ജയരാജൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 'കോൺഗ്രസ്മുക്ത കേരളം ആർഎസ്എസ് അജണ്ടയാണെന്ന കോൺഗ്രസ് പ്രചാരണം അപ്പടി വിഴുങ്ങികൊണ്ടുള്ളതാണ് മുഖപ്രസംഗം. മാത്രവുമല്ല ഇന്ത്യയുടേയും കേരളത്തിേന്റയും വർത്തമാനകാല വസ്തുതകളെ മൂടി വെക്കുന്നതുമാണിത്.
അതുകൊണ്ടുതന്നെ സത്യവിശ്വാസികൾക്ക് ഇത് അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കുറിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി എൽഡിഎഫിന് ഭരണത്തുടർച്ച നൽകാനും അങ്ങിനെ അധികാരം നഷ്ടമാകുന്ന കോൺഗ്രസിൽ നിന്ന് അണികളെ സൃഷ്ടിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് സുപ്രഭാതം മുഖപ്രസംഗം പറയുന്നത്. ബി.ജെ.പി ഭരണശിബിരങ്ങളിൽ ഇത്തരം നിർദേശമാണ് നൽകുന്നതെന്നും പത്രം ആരോപിക്കുന്നു. അണികളെ എൽ.ഡി.എഫിന് അനുകൂലമാക്കാൻ ചില സംഘപരിവാർ അജണ്ടകൾ ഇടത് സർക്കാറിനെകൊണ്ട് നടപ്പാക്കിയെടുക്കാൻ ആർ.എസ്.എസിനായെന്നും മുഖപ്രസംഗം പറയുന്നു.
ഇത്തരം വാദങ്ങൾ ബാലിശമാണെന്നാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. 'മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ത്രിവിധ ദോഷങ്ങളാണെന്നും അവരെ തുടച്ചു നീക്കണമെന്നും ഗോൾവാൾക്കർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ആർ എസ് എസ് അജണ്ട. ഏത് കാര്യത്തിലും ബിജെപി അനുകൂല നിലപാടെടുക്കുന്ന കോൺഗ്രസ്സിനെ മുഖ്യശത്രുവായി കാണേണ്ട ആവശ്യം അവർക്കെന്താണ്. ബിജെപിക്ക് അധികാര കസേര ഉറപ്പിക്കാൻ എതിർക്കുന്നവരെയാകെ തകർക്കലാണ് ലക്ഷ്യമിടുന്നതെന്നും' ജയരാജൻ കുറിച്ചു.
സമസ്തയിലെ പ്രതികരണ ശേഷിയുള്ളവർ കോൺഗ്രസിന്‍റെ വാലായി മതസംഘടനകൾ മാറുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അവരോടുള്ള പരിഹാസ്യമായ മറുവാദമാണ് മുഖ പ്രസംഗത്തിലുള്ളതെന്നും സുപ്രഭാതത്തിൽ ഇരുട്ട് പരത്താനുള്ള നീക്കമാണിതെന്നും ജയരാജൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.