പിന്നാക്ക സമുദായത്തിന് ഈത്തപ്പഴമല്ല; ഭരണഘടന അവകാശങ്ങളാണ് കേരള സർക്കാർ​ നൽകേണ്ടത് -പി.കെ ഫിറോസ്​

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാലയിലെ 106 അധ്യാപക തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങൾ അനധികൃതമെന്ന്​ യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്​. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തുന്നത്​. കേരളത്തിലെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം കൊടുത്താൽ അവരുടെ പിന്നാക്കാവസ്ഥ മാറില്ല. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറി​െൻറ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും പി.കെ. ഫിറോസ്​ പ്രതികരിച്ചു

പി.കെ.ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണരൂപം:
സി.എച്ച് മുഹമ്മദ് കോയ സാഹിബ് ശിലാസ്ഥാപനം നിർവ്വഹിച്ച് പ്രവർത്തനമാരംഭിച്ച കാലിക്കറ്റ് സർവലാശാലയിലെ 106 അധ്യാപക തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച് സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് ഇന്നലെ പത്ര സമ്മേളനത്തിലൂടെ പുറത്ത് വിട്ടിരുന്നു. വിവിധ കോടതി ഉത്തരവുകളുടെയും നാട്ടിൽ നില നിൽക്കുന്ന നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ഉത്തരവ്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്. ഒന്ന്, ബാക്ക് ലോഗ് നികത്താതെ വേണം നിയമനം നടത്താൻ. രണ്ട്, നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ മാന്വൽ ഫയലായിരിക്കണം.
മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തണമെന്ന് പറയുന്നത്. മാത്രവുമല്ല ഏതൊക്കെ തസ്തികയിലേക്കാണ് സംവരണം എന്ന കാര്യവും ഉത്തരവിൽ പറയുന്നില്ല. അങ്ങിനെ പറഞ്ഞാൽ തങ്ങൾക്കിഷ്ടപ്പെട്ടവരെ പണം വാങ്ങിയും പാർട്ടി നോക്കിയും നിയമിക്കാൻ സാധിക്കില്ല എന്നത് കൊണ്ടാണത്.
2012 മുതൽ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് ഫയലുകൾ മാറിയ ഈ സർവകലാശാലയിൽ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ മാന്വൽ ആയിരിക്കണമെന്നത് പറയുന്നത് കൃത്രിമം കാണിക്കാനാണ്. നിയമനം നടന്നു കഴിഞ്ഞാൽ ഫയലുകൾ കത്തിച്ചു കളയുകയും ഒരന്വേഷണം പോലും സാധ്യമാവാതിരിക്കുകയും ചെയ്യും. ഇത് വെറുതെ പറയുന്നതല്ല. കേരള സർവകലാശാലയിൽ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് സി.പി.എം അട്ടിമറിച്ചത് OMR ഷീറ്റുകൾ കത്തിച്ചുകളഞ്ഞാണ്.
കേരളത്തിലെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം കൊടുത്താൽ അവരുടെ പിന്നാക്കാവസ്ഥ മാറില്ല. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. നിർഭാഗ്യവശാൽ ഈത്തപ്പഴം കാണിച്ച് അവകാശങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധവും വരും നാളുകളിൽ ഉയർന്നു വരട്ടെ.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.