'പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു'

നിർമാണത്തിലിരുന്ന കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പാലത്തിന്‍റെ തകർച്ചയിൽ ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ പാലത്തിന്‍റെ തകരാറിനുത്തരവാദിയെന്ന് ചോദിച്ച പി.കെ. ഫിറോസ്, പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നുവെന്നും ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

പി.കെ. ഫിറോസിന്‍റെ ഫേസ്ബുക് പോസ്റ്റ്

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?
അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ്‌ ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു. Let us wait...

കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയായ കൂളിമാട് ചാലിയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ ബീമാണ് ഇന്ന് രാവിലെ തകർന്നത്. ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. പാലത്തിന്റെ മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിനായി സ്ഥാപിച്ച ബീമുകളാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.

പാലത്തിന്റെ ബീം തകർന്നത് നിർമാണ തകരാറല്ലെന്നാണ് നിർമാതാക്കളായ യു.എൽ.സി.സി പറഞ്ഞത്. ബീം ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ട് ബീം ചരിഞ്ഞതാണ് സംഭവം. നിർമാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിർമാണത്തിന് ഉപയോഗിച്ച യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചതെന്നും യു.എൽ.സി.സി വ്യക്തമാക്കി.

ഉയർത്തിനിർത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിർത്തിയിരുന്ന ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതാകുകയായിരുന്നു. അതോടെ ബീം മറുവശത്തേക്കു ചരിഞ്ഞു.

ഈ നിർമാണത്തിൽ ഒരു സ്ലാബിനെ താങ്ങിനിർത്താൻ മൂന്നു ബീമുകളാണു വേണ്ടത്. അതിൽ ഒരു വശത്തെ ബീമാണു ചാഞ്ഞത്. അതു നടുവിലെ ബീമിൽ മുട്ടി. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും യു.എൽ.സി.സി പറഞ്ഞു. 

Tags:    
News Summary - PK Firos facebook post on Koolimadu bridge collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.