'പിണറായിയുടെ പൊലീസിനോട് നന്ദിയുണ്ട്, നല്ലൊരു സഹോദരനെ സമ്മാനിച്ചതിന്'; രാഹുലിനൊപ്പമുള്ള ജയിലനുഭവം പങ്കുവെച്ച് പി.കെ ഫിറോസ്

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്തം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഉറച്ച പിന്തുണയുമായി യൂത്ത് ലീഗ് നേതാവ്.

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന രാഹുലിനൊപ്പമുള്ള ജയിലനുഭവങ്ങൾ പങ്കുവെച്ചാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആശംസകൾ നേർന്നത്.

യു.ഡി.വൈ.എഫ് നടത്തിയ നിയമസഭ മാർച്ചിന് പിന്നാലെയാണ് ഇരുവരെയും പൂജപ്പുര ജില്ല ജയിലിലടക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പാലക്കാട്ടെ രാഹിലിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വരുന്നത്.

പിണറായി സർക്കാറിന്റെ പൊലീസിനോട് നന്ദിയുണ്ട്. നല്ലൊരു സഹോദരനെ സമ്മാനിച്ചതിന്. കേവല സൗഹൃദം എന്നതിൽ നിന്ന് ഞങ്ങളെ ആത്മാർത്ഥ സുഹൃത്തുക്കളാക്കിയതിനെന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.

രാഹുലിനെ വിദ്യാർഥി കാലം മുതലേ പരിചയമുണ്ട്. സൗഹൃദവുമുണ്ട്. പക്ഷേ ഇത്ര അടുത്തിടപഴകിയിട്ടില്ല. ഒരുമിച്ചുള്ള ആനന്ദയാത്രകൾ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം ദൃഢമാക്കും എന്ന് പറയുംപോലെ, ഒരുമിച്ചുള്ള സമര തടവറകാലം രാഷ്ട്രീയക്കാരുടെയും പരസ്പര സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമെന്നും ഫിറോസ് പറയുന്നു.

ജയിലിന്നിറങ്ങിയപ്പോഴേക്കും പാലക്കാട്ടെ യു.ഡി.എഫ് കോട്ട ഭദ്രമാക്കാനുള്ള പുതിയ ഉത്തരവാദിത്തം രാഹുലിനെ തേടിയെത്തി. ഫൈനൽ വിസിലിന് മുമ്പ് ഇടതുസർക്കാറിന്റെ കൊള്ളരുതായ്‌മകൾ ഏറ്റവും ശക്തമായി അവതരിപ്പിക്കാൻ രാഹുലിനെ പോലൊരാൾ നിയമസഭയിലെത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.  

Full View






Tags:    
News Summary - PK Firoz shares his jail experience with Rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.