കല്‍പ്പറ്റ: ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്‍റെ മറവില്‍ മുൻ മന്ത്രി പി.കെ ജയലക്ഷ്മിയുടെ കുടുംബവും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ. പദ്ധതിയിലൂടെ മന്ത്രിയുടെ മുഴുവൻ ബന്ധുക്കളുടെയും കടം എഴുതിതള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തൊട്ടുമുമ്പായിരുന്നു സംഭവം. സംസ്ഥാനത്ത് മറ്റൊരിടത്തും ആദിവാസി വായ്പ എഴുതിത്തള്ളൽ നടന്നിട്ടുമില്ല. കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം വിതരണം ചെയ്തത് മാനന്തവാടിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചായിരുന്നു അഴിമതി. പട്ടികവര്‍ഗക്കാര്‍ക്ക് 2010 വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭായോഗത്തിൽ 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് വരെയുള്ള കടങ്ങള്‍ക്കാക്കി പദ്ധതി പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതി നടത്തിപ്പ് തീരുമാനിച്ചത്. ഒരു ലക്ഷമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്.
2014 മാര്‍ച്ച് 31ന് മുമ്പ് കുടിശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗകാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ മാത്രമാണ് കടാശ്വാസ പദ്ധതിയിൽ ബാധകമാകുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു ഇതിന് യോഗ്യത. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ ഉത്തരവിന്‍റെ ബലത്തിലാണ് യു.ഡി.എഫ് പട്ടികവര്‍ഗ വോട്ട് പിടിച്ചത്. എന്നാൽ, പ്രഖ്യാപനത്തിൻെറ ഗുണം മറ്റാർക്കും കിട്ടിയില്ലെന്ന് ചാനൽ റിപ്പോർട്ട് ചെയ്തു. ജയലക്ഷ്മിയുടെ വാര്‍ഡിലെ കാട്ടിമൂല ബാങ്കില്‍ മാത്രം എഴുതിതള്ളിയ 23,83818 രൂപയും ജയലക്ഷ്മിയുടെ ബന്ധുക്കളുടേത്. മുഴുവന്‍ പണവും സര്‍ക്കാര്‍ തന്നെന്ന് ബാങ്ക് മാനേജർ സി. ബാബു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.