പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡ് സി.പി.എമ്മും ബി.ജെ.പിയും അറിഞ്ഞു കൊണ്ട് നടത്തിയ നാടകമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
തോൽക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ. തികച്ചും രാഷ്ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി ഇത്. നടപടി ക്രമങ്ങൾ പാലിക്കാതെ രണ്ട് വനിതാ നേതാക്കളുടെ മുറിയിൽ ഓടിച്ചെന്നു ഒരു പരിശോധനാ നാടകം എന്തിന്‍റെ അടിസ്ഥാനത്തിലാണ്.
ജനറൽ പരിശോധനയാണെന്ന് പൊലീസും ഇൻഫർമേഷൻ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഇടതുപക്ഷവും അവരുടെ സ്ഥാനാർഥിയും ബി.ജെ.പിയും ഒരേ സ്വരത്തിൽ പറയുന്നു. കാര്യങ്ങൾ വളരെ വ്യക്തമാണ്. ഇത് ഇടത് പക്ഷവും ബി.ജെ.പി യും പൊലീസും എല്ലാം കൂടി ചേർന്ന് വളരെ ആസൂത്രിതമായി നടത്തിയൊരു നാടകമാണ്.
തോൽക്കുമെന്ന അറിവ് തന്നെയാണ് അതിന്‍റെ കാരണം. പരാജയ ഭീതി മണത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വിലകുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. യു.ഡി.എഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്നലെ അർധരാത്രിയിലാണ് ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.