പ്രവാസികളുടെ പ്രശ്നങ്ങളിൽ പരിഹാരം വേണം -പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രവാസി മലയാളികളുടേത് അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്‍റെ വലിയ നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസി മലയാളികളുടെ സംഭാവനകൾ ചെറുതല്ല. എല്ലാകാലത്തും ഗൾഫ് സഹായം ലഭിക്കണമെന്നില്ല. പ്രവാസി മേഖലയിലെ പ്രശ്നങ്ങളും ഭാവിയിൽ നാം അഭിമുഖീകരിക്കേണ്ടിവരും. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ഇക്കാര്യം പുനർചിന്തിക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരള രൂപീകരണത്തിന്‍റെ 60ാം വാർഷികത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണം, സാക്ഷരത, ആരോഗ്യ പരിപാലനം അടക്കമുള്ള വിഷയങ്ങളിൽ പഴയകാല ഭരണാധികാരികൾ വിജയം വരിച്ചു. എന്നാൽ, ഇപ്പോഴുള്ള നിയമസഭയുടെ പ്രവർത്തനങ്ങൾ പ്രകടനാത്മകവും പ്രചരണാത്മകവുമായി മാറുന്നു. നിരവധി നിയമങ്ങൾ പാസാക്കിയത് കൊണ്ട് കാര്യമില്ല. പാസാക്കിയ നിയമങ്ങളെ കുറിച്ച് പഠനം നടത്തണമെന്ന നിർദേശം നല്ലതാണ്. എന്നാൽ, പഠന റിപ്പോർട്ടുകൾ കൊണ്ട് അലമാരകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പ്രായോഗികമായി ചെയ്യേണ്ട നിരവധി കാര്യങ്ങൾ നമ്മുടെ മുമ്പിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ഭരണരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഇ-സാക്ഷരത, ഇ-ഗവേണൻസ്, ഇ-ഡിസ്ട്രിക്സ് അടക്കമുള്ള കാര്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനം ഡിജിറ്റൽ സൊസൈറ്റിയായി മാറി കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മാലിന്യ നിർമാർജനം, മലിനജലം അടക്കമുള്ള കാര്യങ്ങളിൽ നടപടി വേണ്ടതുണ്ട്. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളെ വേർതിരിച്ച് സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമാകുന്ന തരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ഫാഷിസത്തിന്‍റെ ഭീഷണി ശക്തിപ്പെടുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവശ, പിന്നാക്ക ജനവിഭാഗങ്ങളെ പരിഷ്കരിക്കാൻ മുസ് ലിം ലീഗിനും സാധിച്ചിട്ടുണ്ട്. ഇതിൽ ലീഗിന് അഭിമാനമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള രൂപീകരണത്തിന്‍റെ അറുപതാം വാർഷികത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

 

Tags:    
News Summary - pk kunjalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.