പാലക്കാട്: പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്താതിരിക്കാൻ പദവി നൽകി ഒതുക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി. തന്നോട് പാർട്ടി നീതികേട് കാണിച്ചിട്ടില്ല. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ചെറിയ ഉത്തരവാദിത്തമല്ലെന്നാണ് കരുതുന്നത്. വിഭാഗീയത പാർട്ടിക്ക് ഉണ്ടാക്കിയ പരിക്ക് മാരകമായിരുന്നു. അത് പരിഹരിക്കാനായി. കെ.ടി.ഡി.സിയിൽ വേണ്ടത്ര ജനകീയവത്കരണം നടന്നിട്ടില്ല. അധികാരമേറ്റെടുത്ത ശേഷം ഇതുമായി ബന്ധപ്പെട്ട് ആശയങ്ങൾ സർക്കാറിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ കെ.ടി.ഡി.സിക്ക് കാര്യമായ സാന്നിധ്യമില്ലാത്ത മലബാറിലേക്ക് കെ.ടി.ഡി.സി ശൃംഖല വിപുലീകരിക്കാൻ താൽപര്യമെടുക്കും. സമൂഹത്തിലെ മധ്യവർഗത്തിന് മുകളിലേക്കുള്ളവർക്ക് മാത്രം പ്രാപ്യമായതാണ് കെ.ടി.ഡി.സി എന്ന ധാരണയുണ്ട്. ഇത് മാറ്റും. കുറഞ്ഞ െചലവിൽ ഭക്ഷണം ലഭ്യമാക്കുന്ന 'ആഹാർ' പോലുള്ള പദ്ധതി കൂടുതൽ വ്യാപകമാക്കും.
ദേശീയ -സംസ്ഥാന പാതയോരങ്ങളിലെ സർക്കാർ ഭൂമിയിൽ അനുയോജ്യമായ സ്ഥലങ്ങൾ ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാവും. വിഷയം സർക്കാറിന് മുന്നിലുണ്ട്. പൊതുമരാമത്ത് വകുപ്പിെൻറ ചില വിശ്രമകേന്ദ്രങ്ങളെങ്കിലും കെ.ടി.ഡി.സിയെ ഏൽപിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലോട്ടിങ് റസ്റ്റാറൻറ് അടക്കമുള്ള ആശയങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാലക്കാടിെൻറ സാധ്യതകൾ പരിശോധിച്ച് പദ്ധതി തയാറാക്കും. ഇതടക്കം പദ്ധതികൾ ചർച്ച ചെയ്യാൻ 23ന് ഉന്നതതല യോഗം ചേരുമെന്നും പി.കെ. ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.